പതാജ്ഞലി ഉത്പ്പന്നങ്ങള്‍ രാജ്യത്തിനകത്തും പുറത്തും ഇതിനോടകം ജനപ്രീതിയാര്‍ജിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പതാജ്ഞലിയുടെ പുതിയ ഉത്പന്നവുമായി ബാബാ രാംദേവും സംഘവും എത്തിയിരിക്കുന്നു. വൈദ്യുതി ഉത്പാദനമാണ് ഇവരുടെ പുതിയ ലക്ഷ്യം. ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ മാത്രം വില്‍പ്പനയ്ക്ക് വയ്ക്കുന്ന ബാബാരാംദേവിന്റെ കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്, മൃഗങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാണ്. കാളകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
കാളശക്തിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് രാംദേവിന്റെ നീക്കം. രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണയുമായി ചേര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. വൈദ്യുതി ക്ഷാമത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമെന്നും അതിന്റെ ഫലമാണ് കാളശക്തിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന കണ്ടുപിടിത്തമെന്നും പതഞ്ജലി അവകാശപ്പെടുന്നു. പതഞ്ജലിയുടെ ഓഹരിയുടമയും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ പുതിയ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാളശക്തിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ പതഞ്ജലി ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഗവേഷണത്തിന്റെ ഭാഗമായി ഹരിദ്വാറില്‍ ആദ്യഘട്ട പരീക്ഷണം നടത്തിയെന്നും ഇനി അത് വികസിപ്പിച്ചെടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
90 ദിവസം വയലുകളില്‍ കാളകള്‍ നില്‍ക്കുമ്പോള്‍ ഒരു പവര്‍ ഉത്പാദിപ്പിക്കപ്പെടുമെന്നും അത് നമുക്ക് വളരെ എളുപ്പത്തില്‍ സംരക്ഷിക്കാന്‍ പറ്റുമെന്നും ആചാര്യ പറയുന്നു. ഇപ്പോള്‍ കാളകളെ പൊതുവെ അറുക്കാനാണ് ഉപയോഗിക്കുന്നത്. നമ്മള്‍ അവയുടെ മൂല്യം തിരിച്ചറിയണം. കാളകളെ രാവിലെ കൃഷിയിടങ്ങളിലും വൈകിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാം. നമുക്ക് പഴമയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു. പുരാതന ഭാരതത്തില്‍ കാളയെ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്നും ആചാര്യ ബാലകൃഷ്ണ പറയുന്നു. ഏതായാലും ഭാവിയില്‍ ഇനി വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്ന് വേണം ഇവരുടെ അവകാശവാദത്തില്‍ നിന്ന് മനസിലാക്കാന്‍.