ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ആവശ്യമുള്ള വസ്തുക്കളിലൊന്നാണ് ഹാന്ഡ് സാനിറ്റൈസര്. പല കമ്പനികളും സാനിറ്റൈസറിന് വന്വിലയാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച തര്ക്കങ്ങളും സോഷ്യല് മീഡിയയില് നടക്കാറുണ്ട്.
ഇപ്പോള് വന്വിലക്കുറവില് സാനിറ്റൈസര് വിപണിയിലെത്തിച്ച ബാബാ രാംദേവാണ് പുതിയ ചര്ച്ചകള്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
50 മില്ലി സാനിറ്റൈസറിന് ഡെറ്റോള് 82 രൂപ ഈടാക്കുമ്പോള് പതഞ്ജലി 120 മില്ലി സാനിറ്റൈസര് 55 രൂപയ്ക്കാണ് നല്കുന്നത്.
പതഞ്ജലിയുടെ സാനിറ്റൈസറിന്റേയും ഡെറ്റോളിന്റെ സാനിറ്റൈസറിന്റേയും വില താരതമ്യം ചെയ്ത് നടത്തിയ ബാബാ രാം ദേവിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില് ട്വിറ്ററില് ഇപ്പോള് തമ്മിലടി നടക്കുകയാണ്. സ്വദേശി ഉത്പന്നം സ്വന്തമാക്കൂ. വിദേശ കമ്പനികള്ക്ക് ഇന്ത്യ ഒരു വ്യാപാര മേഖല മാത്രമാണ്.
എന്നാല് പതഞ്ജലിക്ക് ഇന്ത്യ വീടാണ്. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന് പതഞ്ജലി സ്വന്തമാക്കൂവെന്നായിരുന്നു ബാബാ രാം ദേവ് ട്വിറ്ററില് കുറിച്ചത്. വില താരതമ്യം ചെയ്തുകൊണ്ടുള്ള രണ്ട് ഉല്പന്നങ്ങളുടെ ചിത്രമടക്കമായിരുന്നു ട്വീറ്റ്.
എന്നാല് രാംദേവിന്റെ ട്വീറ്റിനെതിരേ ചിലര് രംഗത്തെത്തി. പതഞ്ജലിയുടെ സാനിറ്റൈസറിന് ഗുണനിലവാരം ഉണ്ടോയെന്നായിരുന്നു ഇവരുടെ ചോദ്യം.
അതേ സമയം തന്നെ രാംദേവിനെ പിന്തുണച്ചും നിരവധിപേര് രംഗത്തെത്തിയതോടെ ട്വിറ്ററില് പോരു മുറുകി.
പതഞ്ജലിയുടെ ഉല്പന്നങ്ങള്ക്ക് വിശ്വാസ്യതയില്ലെന്ന ആരോപണത്തിന് ഉപയോഗിച്ച് നോക്കൂ എന്നായിരുന്നു ബാബാ രാംദേവിന്റെ പ്രതികരണം.
എന്തായാലും മറ്റു സാനിറ്റൈസറുകളെ അപേക്ഷിച്ച് വലിയ വില കുറവാണ് പതഞ്ജലിയുടെ സാനിറ്റൈസറിന് എന്ന കാര്യത്തില് തര്ക്കമില്ല.