ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ രാജ്യത്തെ ടൂറിസം മേഖലയ്ക്കും വലിയ രീതിയില്‍ ഉപകരിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും ബഹുഭൂരിപക്ഷം ജനങ്ങള്‍ പട്ടിണി കിടക്കുകയും വായ്പ തിരിച്ചടക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പതിവുമായിരിക്കുന്ന ഒരു രാജ്യത്ത് ഇതിന്റെ ആവശ്യമെന്തായിരുന്നു എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
വിമര്‍ശനങ്ങള്‍ ധാരാളം ഉയരുന്നുണ്ടെങ്കിലും പ്രതിമയുടെ സവിശേഷതകള്‍ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. അവയെന്തൊക്കെയെന്ന് എന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്.
@ അമേരിക്കയിലെ സ്റ്റാച്ചു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമാണ് പട്ടേല്‍ പ്രതിമയ്ക്കുള്ളത്. 182 മീറ്റര്‍.
@ സര്‍ദാര്‍ സരോവാര്‍ ഡാമിനും നര്‍മത നദിയ്ക്കും സമീപത്താണ് പ്രതിമ എന്നത് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഗുണകരമാണ്.
@ ഏകദേശക്കണക്ക് പ്രകാരം 2,989 കോടിയാണ് പട്ടേല്‍ പ്രതിമയുടെ നിര്‍മാണ ചെലവ്.
@ മുംബൈയിലെ പ്രശസ്തമായ ജെ.ജെ. സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ 93 കാരനായ പദ്മഭൂഷണ്‍ റാം വി. സുതാര്‍ എന്ന ശില്പ്പിയുടെയും പട്ടേല്‍ പ്രതിമയുടെ പ്രോജക്ട് ഡയറക്ടര്‍ മുകേഷ് എസ്. റാവല്‍ എന്ന എന്ജിനീറിന്റെയും നേതൃത്വത്തിലാണ് പട്ടേല്‍ പ്രതിമ രൂപം പ്രാപിച്ചത്.
@ 34 മാസംകൊണ്ടാണ് പ്രതിമയുടെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2015 ഡിസംബര്‍ 19 നാണ് പണി തുടങ്ങിയത്.
@ നടക്കുന്ന രീതിയിലുള്ള പ്രതിമയുടെ രണ്ട് കാലുകളും തമ്മില്‍ 6.4 മീറ്റര്‍ വ്യത്യാസമുണ്ട്.
@ മണിക്കൂറില്‍ 180 കിലോമീറ്റര്‍ സ്പീഡുള്ള കാറ്റിനെ വരെ പ്രതിരോധിക്കാവുന്ന രീതിയിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.
@ ഒരു മഹാന്റെ പ്രതിമ എന്ന നിലയില്‍ പട്ടേലിന്റെ 2000 ത്തോളം വ്യത്യസ്ത ഫോട്ടോകള്‍ ശേഖരിച്ച് അദ്ദേഹത്തിന്റെ ഓരോ പ്രത്യേകതകളെയും വിശദമായി പഠിച്ച്, ഒരു ഫോട്ടോയാക്കി, നിരവധി ചരിത്രകാരന്മാരോടും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളവരോടും അഭിപ്രായം ചോദിച്ച്, ത്രിമാന ചിത്രമാണ് പ്രതിമയ്ക്കായി ഉപയോഗിച്ചത്.
@ അഞ്ച് സോണുകളായാണ് പ്രതിമ തിരിച്ചിരിക്കുന്നത്. കണങ്കാല് വരെയുള്ളത് സോണ്‍ ഒന്ന്. അതില്‍ തന്നെ മൂന്ന് ലെവല്‍. ഒരു പ്രദര്‍ശന നില, മധ്യത്തിലുള്ള നില, ഒരു മേല്‍ക്കൂര. അതില്‍ തന്നെ ഒരു പൂന്തോട്ടവും മ്യൂസിയവും. ഗുജറാത്തിന്റെ ചരിത്രവും പട്ടേലിന്റെ ജീവിതവും സംഭാവനകളും ഉള്‍പ്പെടുത്തിയ ഒരു വീഡിയോ പ്രസന്റേഷനും ഈ ഓഡിയോ വിഷ്വല്‍ ഗാലറിയില്‍ ഒരുക്കിയിട്ടുണ്ട്. പ്രതിമയുടെ തുട വരെ (149 മീറ്റര്‍) യുള്ളതാണ് രണ്ടാം സോണ്‍. 153 ാം മീറ്ററില്‍ മൂന്നാം സോണ്‍. അവിടെ ഒരു ഗാലറിയുണ്ട്. സോണ്‍ നാല് പ്രതിമയുടെ പണികളും പരിപാലനവും നടത്താനുള്ള സ്ഥലം. അഞ്ചാം സോണില്‍ തലയും തോളുകളും.
@ 135 ാം മീറ്ററിലുള്ള ഗാലറിയില്‍ ഒരു സമയം 200 ആളുകളെ ഉള്‍ക്കൊള്ളാനാവും. സ്തപുര, വിന്ധ്യചല് പര്‍വത നിരകളെ ഇവിടെ നിന്ന് വീക്ഷിക്കാം.