ജനങ്ങളെ പിഴിഞ്ഞ് എണ്ണക്കമ്പനികള്‍ പണമുണ്ടാക്കിയത് പട്ടേല്‍ പ്രതിമയ്ക്ക് സംഭാവന ചെയ്യാന്‍? പ്രതിമ നിര്‍മിയ്ക്കാന്‍ ഉപയോഗിച്ചത് ജനങ്ങളുടെ നികുതിപ്പണമെന്നതിന് ശക്തമായ തെളിവുകള്‍ പുറത്ത്

ഏറെ വിവാദവും ചര്‍ച്ചയുമായ, ഗുജറാത്തിലെ പട്ടേല്‍ പ്രതിമ നിര്‍മിച്ചത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സഹായത്താലെന്ന് റിപ്പോര്‍ട്ട്. മറാത്തി പത്രമായ ലോകസത്തയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഏകദാ പ്രതിമയ്ക്ക് ഫണ്ട് ചെലവഴിച്ചത് പൊതുഖജനാവില്‍ നിന്നെന്നാണ് റിപ്പോര്‍ട്ട്.

പൊതുമേഖലാ എണ്ണക്കമ്പനികളാണ് പ്രതിമ നിര്‍മ്മാണത്തിനാവശ്യമായ പണത്തിന്റെ സിംഹഭാഗവും വഹിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ വാര്‍ത്ത കൂടി പുറത്തു വന്നതോടെ ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിച്ചും എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ തയ്യാറാകാതെ സര്‍ക്കാര്‍ ജനങ്ങളെ പിഴിഞ്ഞും പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചതിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്.

ലാഭവിഹിതത്തില്‍ നിന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി ഫണ്ടായി (സിഎസ്ആര്‍) ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 900 കോടി, ഒഎന്‍ജിസി 500 കോടി, ഭാരത് പെട്രോളിയം 250 കോടി, ഓയില് ഇന്ത്യ കോര്‍പ്പറേഷന് 250 കോടി, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് 250 കോടി, പവര്‍ ഗ്രിഡ് 125 കോടി, ഗുജറാത്ത് മിനറല്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 100 കോടി, എഞ്ചിനിയേഴ്‌സ് ഇന്ത്യ 50 കോടി, പെട്രോനെറ്റ് ഇന്ത്യ 50 കോടി, ബാല്‍മര്‍ ലോറി 50 കോടി എന്നിങ്ങനെയാണ് പ്രതിമയ്ക്ക് പണം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയ സിഎസ്ആര്‍ ഫണ്ട് ഫലത്തില്‍ രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമായി വരുമെന്നിരിക്കെ പ്രതിമ നിര്‍മ്മിച്ച നടപടിയില്‍ ഇതോടെ വിവാദം കത്തുകയാണ്.

ഫണ്ട് നല്‍കിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് മേല്‍ കംണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പിടി വീണിട്ടുമുണ്ട്. ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാണ് സിഎസ്ആര്‍ ഫണ്ട് ‘സ്റ്റാച്യൂ ഫോര്‍ യൂണിറ്റി’യുടെ നിര്‍മ്മാണത്തിനായി കൈമാറിയെന്ന് കണ്ടെത്തിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റിനാണ് ഈ കമ്പനികള്‍ ഫണ്ട് കൈമാറിയിരിക്കുന്നത്.

Related posts