പൊതുവെ പട്ടിണി പാവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യയില്‍ 3000 കോടി മുതല്‍ മുടക്കി പ്രതിമ പണിതത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഗുജറാത്തില്‍ പണിത പട്ടേല്‍ പ്രതിമ അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയുമായിരുന്നു.
എന്നാല്‍ പട്ടേല്‍ പ്രതിമയില്‍ നിന്ന് രാജ്യത്തിന് വന്‍ വരുമാനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന വാദം ഉയര്‍ത്തിക്കാട്ടി വിമര്‍ശനങ്ങളെ പ്രതിമയുടെ അഭ്യുദയകാംക്ഷികള്‍ വിമര്‍ശനങ്ങളെയെല്ലാം എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും പ്രതിമ സംബന്ധിച്ച വിവാദം തലപൊക്കിയിരിക്കുന്നു.
3000 കോടി മുടക്കി നിര്‍മ്മിച്ച പ്രതിമയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു എന്ന രീതിയിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. രാജീവ് ജെയിന് എന്നൊരാള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലിട്ട പോസ്റ്റില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇതിനു പിന്നീട് വാട്സാപ്പ് വഴിയും സോഷ്യല്‍ മീഡിയ വഴിയും വന്‍ പ്രചാരം ലഭിക്കുകയായിരുന്നു.
ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാനാണ് ആള്‍ട്ട് ന്യൂസ് എന്ന ഫാക്റ്റ് ചെക്കിംഗ് വെബ്സൈറ്റ് വിള്ളല്‍ എന്ന് പറയപ്പെടുന്നതിന്റെ വീഡിയോയും മറ്റും പരിശോധിച്ചത്. പ്രതിമയില്‍ കാണുന്ന വെളുത്ത വരകള്‍ കാണിച്ചാണ് പട്ടേല്‍ പ്രതിമയില്‍ വിള്ളല്‍ എന്ന് അവകാശപ്പെടുന്നത് എന്ന് ആള്‍ട്ട് ന്യൂസ് പറഞ്ഞു.
എന്നാല്‍ ഉരുക്കുപാളികള്‍ കൊണ്ടുണ്ടാക്കിയ പട്ടേല്‍ പ്രതിമയില്‍ കാണുന്ന വെള്ള വരകള്‍ ഇതിന്റെ ജോയിന്റുകള്‍ ആണെന്ന കണ്ടെത്തലിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. അടുത്ത് നിന്ന് കാണുമ്പോള്‍ ഇത് വിള്ളലുകളായി തോന്നുന്നതാണെന്നും ഇവര്‍ പറയുന്നു. സ്റ്റാച്യൂ ഓഫ് യൂണിറ്റി സി.ഇ.ഒ. ആയ ഐ.കെ. പട്ടേലും ഈ കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.