ഇടുക്കി: കന്പംമെട്ട് -കന്പം അന്തർ സംസ്ഥാന പാത വഴി കടന്നു പോകുന്ന വാഹനങ്ങൾ കൊള്ളയടിക്കാൻ വൻ സംഘം. വനമേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ ആക്രമിച്ച് പണവും മറ്റും കവർന്നെടുക്കുന്ന സംഘങ്ങളാണ് ഇവിടെ സജീവമായിരിക്കുന്നത്. വൻ കൊള്ളസംഘം ഈ ഭാഗത്ത് അഴിഞ്ഞാടിയിട്ടും തമിഴ്നാട് പോലീസ് ഇക്കാര്യത്തിൽ ഒരു നടപടിയും എടുക്കാത്തതിനാൽ ഇതു വഴിയുള്ള രാത്രി യാത്രയും മറ്റും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ആറിന് ചേറ്റുകുഴിയിൽ നിന്നു കന്പത്തേക്ക് പച്ചക്കറി എടുക്കാൻ പോയ വ്യാപാരികൾ സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിനും പടിച്ചു പരിക്കും ഇരയായത്. ചേറ്റുകുഴിയിലെ പച്ചക്കറി വ്യാപാരികളായ ജയൻ (47), സുഹൃത്ത് റിജു (40) എന്നിവർക്കാണ് മർദനമേറ്റത്.
ബൈക്കുകളിലെത്തിയ അഞ്ചോളം പേരടുങ്ങുന്ന സംഘമാണ് ആക്രമണവും കവർച്ചയും നടത്തിയത്. പുലർച്ചെ അഞ്ചരയോടെ കന്പം അടിവാരത്തായിരുന്നു സംഭവം. വാഹനം തടഞ്ഞു നിർത്തിയതിനു ശേഷം വലിച്ചു പുറത്തിട്ട് മർദിച്ചതിനു ശേഷം കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർച്ച നടത്തുകയായിരുന്നു.
ഇതിനിടെ ഇതുവഴിയെത്തിയ ടിപ്പർലോറിക്കു സമീപത്തേക്ക് സഹായം അഭ്യർഥിച്ച് പ്രാണരക്ഷാർഥം യുവാക്കൾ ഓടിയെങ്കിലും അക്രമി സംഘം പിന്നാലെയെത്തി റോഡിലൂടെ വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. ലോറി ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ച് വിരട്ടിയോടിക്കുകയും ചെയ്തു. ബൈക്കിൽ കടന്നു കളഞ്ഞ സംഘത്തെ പിൻതുടരാതിരിക്കാൻ വാഹനത്തിന്റെ താക്കോൽ കാട്ടിലേക്ക് എറിഞ്ഞു കളഞ്ഞാണ് ഇവർ രക്ഷപെട്ടത്.
സംഭവത്തിനു ശേഷം ഇതു വഴിയെത്തിയ വാഹനങ്ങൾ തടഞ്ഞു നിർത്തി ഇവരുടെ സഹായത്തോടെ താക്കാൽ കണ്ടെത്തിയ യുവാക്കൾ കന്പത്തെത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇത്ര വലിയ അക്രമം ഉണ്ടായിട്ടും കന്പം പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു അന്വേഷണവും ഉണ്ടായില്ലെന്നതാണ് വസ്തുത. പിന്നീട് കേരളത്തിൽ നിന്നുള്ള ചില ഇടപെടലുകൾക്കൊടുവിലാണ് പോലീസ് മൊഴിയെടുക്കാനെങ്കിലും തയാറായത്.
കന്പംമെട്ട്-കന്പം റൂട്ടിൽ മുന്പും ഇത്തരം സംഘങ്ങളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നു ചരക്കെടുത്തു മടങ്ങിയ കട്ടപ്പന സ്വദേശിയായ യുവാവിനെ വയറിൽ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചതിനു ശേഷം ആഭരണങ്ങളും പണവും കൊള്ളയടിച്ചത് രണ്ടു വർഷം മുന്പായിരുന്നു.
വയറിനു ഗുരുതരമായി പരിക്കേറ്റ യുവാവ് ഭാഗ്യം കൊണ്ടാണ് അന്ന് മരണത്തിൽ നിന്നു രക്ഷപെട്ടത്. അന്നും കന്പംമെട്ട് പോലീസിൽ പരാതി നൽകിയിട്ടും പ്രതികളെ കണ്ടെത്താൻ പോലീസ് ഒരു ശ്രമവും നടത്തിയില്ല. ഏതാനും മാസം മുന്പാണ് വണ്ടൻമേട് മാലി സ്വദേശിയെ ബൈക്ക് തടഞ്ഞു നിർത്തി 18,000 രൂപ അപഹരിച്ചത്.
വഴിയിൽ കല്ലുകൾ നിരത്തി വച്ച് വാഹനം അപകടത്തിൽപെടുത്തി കൊള്ളയടിക്കുന്ന പതിവും ഈ റൂട്ടിലുണ്ടെന്ന് ഇതു വഴി പോകുന്ന വാഹന ഡ്രൈവർമാർ പറയുന്നു. ഏതാനും നാളുകൾക്ക് മുൻപ് വിനോദസഞ്ചാരികളുമായി പോയ ട്രാവലർ ഈ രീതിയിൽ കവർച്ച നടത്താൻ ശ്രമിച്ചെങ്കിലും മറ്റു വാഹനങ്ങൾ എത്തിയതോടെ ഉദ്യമം ഉപേക്ഷിച്ച് കവർച്ചക്കാർ കടന്നു.
കന്പംമെട്ട് ചെക്ക് പോസ്റ്റിനും തമിഴ്നാട്ടിലെ കൃഷിപ്പാടങ്ങൾക്കുമിടയിൽ വനമേഖലയായതിനാൽ സന്ധ്യ കഴിയുന്നതോടെ പാത വിജനമാകും. ചരക്കു വാഹനങ്ങളോ വിനോദസഞ്ചാരികളുമായി പോകുന്ന വാഹനങ്ങളാണ് രാത്രി സമയത്തും പുലർച്ചെയുമായി സഞ്ചരിക്കുന്നത്. കേരളത്തിലെ വിവിധ മാർക്കറ്റുകളിലേക്ക് പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കുന്ന ഒട്ടേറെ വാഹനങ്ങളാണ് പുലർച്ചെ ഇതുവഴി കടന്നു പോകുന്നത്. ഇവരെയാണ് പിടിച്ചുപറി സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്.
അക്രമങ്ങൾ പതിവായതോടെ പോലീസ് പട്രോളിംഗ് ഇവിടെ ആവശ്യമാണെങ്കിലും യാതൊരു നിരീക്ഷണവും തമിഴ്നാട് പോലീസ് ഇവിടെ നടത്താറുമില്ല. ഇവരുടെ മൗനാനുവാദത്തോടെയാണ് മേഖലയിൽ ഇത്തരം സംഘങ്ങൾ അഴിഞ്ഞാടുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഇതു വഴിയുള്ള രാത്രി യാത്രകൾ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങളിലും പ്രചരണം ശക്തമാണ്.