ഷാരൂഖ്-ദീപിക ചിത്രം “പത്താൻ’ വിവാദം പുതിയ തലത്തിലേക്ക്. തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്തയാണ് ബിജെപിയെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയത്.
പത്താനിലെ ഗാനരംഗത്തിൽ ദീപിക പദുകോൺ കാവിനിറത്തിലുള്ള വസ്ത്രം ധരിച്ചത് ബിജെപി നേതാക്കൾ വിമർശിക്കുന്പോൾ, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വർഷങ്ങൾക്കു മുന്പ് കാവിനിറത്തിലുള്ള വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതിൽ കുഴപ്പമില്ലേ എന്നു ചോദിക്കുകയാണ് റിജു ദത്ത. മത്സരത്തിൽ സ്മൃതി പങ്കെടുക്കുന്ന വീഡിയോയും റിജു ദത്ത പങ്കുവച്ചിട്ടുണ്ട്.
റിജു ദത്തയുടെ പരാമർശങ്ങൾക്കെതിരേ ബിജെപി നേതാക്കളും രംഗത്തെത്തി. ഇതോടെ സമൂഹമാധ്യമങ്ങളിൽ പോരാട്ടം കനത്തു. പത്താനിലെ ‘ബേഷ്റം റംഗ്…’ എന്ന ഗാനം റിലീസ് ചെയ്തതോടെയാണ് വിവാദങ്ങൾക്കു തുടക്കം.
ഗാനരംഗത്ത് ദീപിക കാവിനിറത്തിലുള്ള വസ്ത്രം ധരിച്ചതാണ് വിവാദങ്ങൾക്കു കാരണം. കാവിവസ്ത്രങ്ങൾ ധരിച്ചത് ബോധപൂർവമാണെന്നും അതുവഴി ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി ആരോപിച്ചു.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിനുള്ള മറുപടിയായാണ് 1998ൽ സ്മൃതി ഇറാനി കാവി വസ്ത്രം ധരിച്ച് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോ റിജു ദത്ത പങ്കുവച്ചത്.
റിജുവിന്റെ അഭിപ്രായം പുറത്തുവന്നയുടൻ ബിജെപി എംപി ലോക്കറ്റ് ചാറ്റർജി രംഗത്തെത്തി. ‘‘ സ്ത്രീവിരുദ്ധനായ ഒരു വ്യക്തിയെ തൃണമൂലിന്റെ ദേശീയ വക്താവാക്കാൻ മമതാ ബാനർജിക്ക് ലജ്ജയില്ലേ? സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ഉയരാൻ കാരണം ഇതുപോലുള്ള പുരുഷൻമാരാണ്…’ തുടങ്ങിയ അക്ഷേപങ്ങളാണ് ചാറ്റർജി ട്വീറ്ററിൽ കുറിച്ചത്.
ചാറ്റർജിയുടെ ട്വീറ്റിനെതിരേ കനത്ത തിരിച്ചടിയാണ് റിജു ദത്ത നൽകിയത്- ‘‘കാവിയെന്നത് നിങ്ങളുടെ പാർട്ടിയുടെ പിതൃസ്വത്തല്ല. ദീപികയെപ്പോലുള്ള സ്ത്രീകൾ കാവിവസ്ത്രം ധരിച്ചാൽ നിങ്ങൾക്കു വലിയ പ്രശ്നമാണ്.
എന്നാൽ, സ്മൃതി ഇറാനി ധരിച്ചാൽ ഒരു പ്രശ്നവുമില്ല. നിങ്ങൾ കപടനാട്യക്കാരാണ്. ഒരു വനിത നയിക്കുന്ന പാർട്ടിയിൽ അംഗമാണ് ഞാൻ. നിങ്ങളാകട്ടെ, ബലാത്സംഗക്കേസിലെ പ്രതികളെ ‘സൻസ്കാരി ബ്രാഹ്മിൻസ്’ എന്ന് വിളിക്കുന്നവരുടെ പാർട്ടിക്കാരും…’’.
പത്താൻ വിഷയത്തിൽ പ്രകാശ് രാജ് ഉൾപ്പെടെയുള്ള നടന്മാർ, സാമൂഹ്യപ്രവർത്തകർ, വിവിധ സംഘടനകൾ അനുകൂലിച്ച് രംഗത്തെത്തുകയും രാഷ്ട്രീയ-മത നേതാക്കൾക്കെതിരേ കടുത്ത വിമർശനമുയർത്തുകയും ചെയ്തിട്ടുണ്ട്.