കളമശേരി: ജില്ലാ കളക്ടർ വന്നു പോയി മാസങ്ങൾ കഴിഞ്ഞിട്ടും ഏലൂർ നഗരസഭയിലെ പാതാളം പഞ്ചായത്ത് കോളനിയിലെ ഇരുപത്തിയേഴു കുടിലുകളിൽ കഴിയുന്ന നൂറോളം പട്ടികജാതി വിഭാഗക്കാരുടെ ദുരിതജീവിതത്തിന് അന്ത്യമായില്ല. കഴിഞ്ഞ 40 വർഷമായി കോളനിയിൽ താമസിക്കുന്ന ഇവർ പ്രതീക്ഷയറ്റനിലയിലാണ്.
കോളനിയിലെ വീടുകളിൽ ഭൂരിഭാഗവും എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്ന അവസ്ഥയിൽ കഴിയുന്നു. ഫ്ളക്സ് ഷീറ്റുകളാണ് പല വീടുകളുടെയും മേൽക്കൂരയായി പ്രവർത്തിക്കുന്നത്. ചുറ്റും ചതുപ്പുനിലമായതിനാൽ അഴുക്കുവെള്ളവും മാലിന്യങ്ങളും ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്.കഴിഞ്ഞ 40 വർഷമായി ഈ കോളനിയിൽ താമസിക്കുന്ന ഇവർക്ക് യാതൊരുവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളും ലഭിക്കുന്നില്ല.
റേഷൻ കാർഡുകൾ ചിലർക്ക് ലഭിച്ചിരിക്കുന്നത് മഞ്ഞ കാർഡിന് പകരം പിങ്ക് കാർഡുകളാണ്. ആധാറും ഇവർക്കാർക്കുമില്ല. പകൽ മുഴുവൻ കൂലിപ്പണിയെടുത്ത് താമസസ്ഥലത്തെത്തുന്ന ഇവർ കിടന്നുറങ്ങുന്നത് ചോർന്നൊലിക്കുന്ന കുടിലുകളിലാണ്.
പ്രാഥമിക സൗകര്യങ്ങൾക്ക് ആശ്രയിക്കുന്നത് 50 മീറ്റർ മാറി സ്ഥിതിചെയ്യുന്ന കംഫർട്ട് സ്റ്റേഷനുകളെയാണ്. കുടിക്കാൻ ശുദ്ധമായ കുടിവെള്ളമില്ല. വ്യവസായശാലകളും അതിലൂടെ സ്ഥിരമായ വരുമാനവും ലഭിക്കുന്ന ഏലൂർ നഗരസഭ കോളനിക്കാരുടെ ദുരിതജീവിതം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോളനി നിവാസികൾ പരിതപിക്കുന്നു.
അതേസമയം കോളനി നിവാസികളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് ഏലൂർ നഗരസഭ ചെയർപേഴ്സണ് സി.പി. ഉഷ പറഞ്ഞു. 40 വർഷമായി ഇവർ താമസിക്കുന്ന സ്ഥലത്തിനു പട്ടയം ഇല്ലെന്നും ഇവിടെനിന്നു മാറിയാൽ മാത്രമേ പുനരധിവാസം പരിഗണിക്കാനാകൂവെന്നും ചെയർപേഴ്സണ് അറിയിച്ചു.