കളമശേരി: പാതാളത്തെ ഇഎസ്ഐ ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയർത്തുന്നതിന്റെ ഭാഗമായി 100 കോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ തുടർചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ ആണ് വിടുന്നത്.
ഇതിന് പകരം വിദഗ്ദ്ധ ചികിത്സ ജില്ലാശുപത്രിയിൽ തന്നെ ലഭ്യക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു വർഷത്തിന്നുള്ളിൽ 180 ബെഡുകൾ, ഐസിയു, വെൻറിലേറ്റർ, എൻഐ സിയു, മോർച്ചറി, മൊബൈൽ ഫ്രീസർ, തുടങ്ങിയവയും ഒരുവർഷത്തിനുള്ളിൽ പാതാളം ഇഎസ്ഐയിൽ വരും. ഒരു വാർഡ് അമ്മയ്ക്കും കുഞ്ഞിനുമായി നീക്കിവയ്ക്കും. റിസപ്ഷനിലും വാർഡുകളിലും ശീതീകരണ സംവിധാനവും ഉണ്ടാകും.
കെട്ടിട നിർമാണങ്ങൾക്ക് ഇനിയും തുക അനുവദിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഇഎസ്ഐ കോർപ്പറേഷൻ ബോർഡ് സ്റ്റാൻഡിംഗ് കമ്മറ്റി അംഗവുമായ വി. രാധാകൃഷ്ണൻ പറഞ്ഞു. വർഷകാല രോഗങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും നിപ്പയടക്കമുള്ള പകർച്ചവ്യാധികൾക്കെതിരേ എടുത്ത മുൻകരുതലുകളെക്കുറിച്ചും തുടർന്ന് നടന്ന യോഗത്തിൽ വിലയിരുത്തി. ആശുപത്രി സൂപ്രണ്ട് ദേവദാസ്, ഡെപ്യൂട്ടി ഡയറക്ടർ ജി. കുറുപ്പൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.