പത്തനംതിട്ട: സിപിഎം നേതൃത്വവും സർക്കാരും കൈവിട്ടതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സ്ഥാനം ഒഴിഞ്ഞേക്കും. ഇനി ഒരു വർഷം കൂടി കാലാവധി ഉണ്ടെങ്കിലും ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുടെ കടുത്ത അതൃപ്തി നേരിടുന്ന എ. പത്മകുമാർ ഇനി അധികകാലം പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ലെന്ന സൂചനയാണ് സിപിഎം നേതൃത്വവും നൽകുന്നത്. പ്രസിഡന്റു സ്ഥാനത്തുനിന്നൊഴിയാൻ പത്മകുമാറിനുമേൽ കടുത്ത സമ്മർദവുമുണ്ട്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതു മുതൽ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാടുകളിൽ മുഖ്യമന്ത്രിക്കു കടുത്ത അതൃപ്തിയുണ്ടായിരുന്നു. പിണറായി വിജയൻ എ.പത്മകുമാറിനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തതാണ്. മുഖ്യമന്ത്രിയെ കണ്ടശേഷം തന്റെ വീട്ടിൽ നിന്നും സ്ത്രീകളാരും ശബരിമലയ്ക്കു പോകുന്നില്ലെന്നു നടത്തിയ പ്രസ്താവനയും പിണറായിയെ ചൊടിപ്പിച്ചു.
പിന്നീട് പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാടും പത്മകുമാറിനെ ഒറ്റപ്പെടുത്തി. സിപിഎം സെക്രട്ടേറിയറ്റിലും പത്മകുമാറിന്റെ നിലപാടിനെതിരെ വിമർശനമുയർന്നു. ഏറ്റവുമൊടുവിൽ ശബരിമല സംഭവവികാസങ്ങളെ സംബന്ധിച്ച ദേവസ്വം ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകാനെടുത്ത തീരുമാനത്തെയും മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചു
. ആരുടെയെങ്കിലും കോപ്രായങ്ങൾ കണ്ട് കോടതിയിലേക്കു പോയാൽ കിട്ടുന്നതു വാങ്ങിക്കൊണ്ടുപോരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. പത്തനംതിട്ടയിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ എ. പത്മകുമാർ വിട്ടുനിന്നതും പാർട്ടി വൃത്തങ്ങളിൽ ചർച്ചയായി.തികഞ്ഞ അയ്യപ്പഭക്തനാണ് താനെന്ന് പൊതുവേദികളിൽ പത്മകുമാർ ആവർത്തിക്കാറുണ്ട്. ഇതും പാർട്ടിയെ പലപ്പോഴും സമ്മർദത്തിലാക്കിയിട്ടുണ്ടെന്നാണ് നേതാക്കളുടെ പക്ഷം.
ദേവസ്വം ബോർഡിൽ പ്രസിഡന്റിന്റെ നിലപാടിനോടു സ്ഥാനമൊഴിഞ്ഞ അംഗം കെ. രാഘവൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. രാഘവന്റെ ഒഴിവിൽ ഹിന്ദു എംഎൽഎമാർ ചേർന്നുവേണം തെരഞ്ഞെടുപ്പ് നടത്താൻ. പട്ടികജാതിക്കാർക്കുള്ള ഈ ഒഴിവിൽ രാഘവനെ തന്നെ വീണ്ടും തെരഞ്ഞെടുക്കാനാണ് സാധ്യത.
അങ്ങനെയങ്കിൽ അദ്ദേഹത്തെ പ്രസിഡന്റാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇതിലൂടെ ഒരു പട്ടികജാതിക്കാരനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയെന്ന രാഷ്ട്രീയനേട്ടവും സിപിഎം ലക്ഷ്യമിടുന്നുണ്ട്.മുൻ എംഎൽഎ കൂടിയായ എ. പത്മകുമാർ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവും പാർട്ടിയിൽ പിണറായി വിജയനോട് കടുത്ത ആഭിമുഖ്യം പുലർത്തുന്നയാളുമായാണ് അറിയപ്പെട്ടിരുന്നത്.