ചിങ്ങവനം: പാത്താമുട്ടത്ത് കരോൾ സംഘത്തിനും പള്ളിക്കും നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന എസ്പി ഓഫീസ് മാർച്ച് പാത്താമുട്ടത്തു നിന്ന് ആരംഭിച്ചു. ഉച്ചയോടെ മാർച്ച് കോട്ടയത്തെത്തി. ആംഗ്ലിക്കൻ ചർച്ച് ബിഷപ് വത്സൻ വട്ടപ്പാറ മാർച്ച് ഉദ്ഘാടനം ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാ ചെയർപേഴ്സണ് ഡോ.പി.ആർ.സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, ജില്ലാ പഞ്ചായത്ത് സറ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജെസിമോൾ മനോജ്, കോണ്ഗ്രസ് നേതാക്കളായ ജോണി ജോസഫ്, സണ്ണി കാഞ്ഞിരം, സാബുക്കുട്ടി ഈപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ കോണ്ഗ്രസ് കൗണ്സിലർമാർ, പനച്ചിക്കാട് മണ്ഡലം കോണ്ഗ്രസ് പ്രവർത്തകർ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.
അതേ സമയം പാത്താമുട്ടത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആക്രമണത്തിനിരയായവർ ഇപ്പോഴും പള്ളിയിൽ തന്നെയാണു താമസം. പാത്താമുട്ടം കൂന്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിക്കുനേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ 23ന് സ്ത്രീകളും കുട്ടികളും അടങ്ങിയ കരോൾ സംഘത്തിനെതിരെയുണ്ടായ ആക്രമണത്തെത്തുടർന്നാണു പള്ളിക്കുനേരേയും ആക്രമണമുണ്ടായത്.
കരോൾ സംഘത്തിനിടയിൽ കയറി ചിലർ തുള്ളിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. പള്ളിക്കുള്ളിലെ സാധനസാമഗ്രികൾ തകർക്കുകയും ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് ആറ് ഡിവൈഎഫ്ഐ പ്രവർത്തകരടക്കം ഏഴു പേരെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർക്ക് കോടതിയിൽനിന്നും പിറ്റേദിവസം തന്നെ ജാമ്യവും ലഭിച്ചിരുന്നു.
കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നും ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തതു മൂലമാണ് അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചതെന്നും കോണ്ഗ്രസ് ആരോപിച്ചു. സിപിഎമ്മിനോ ഡിവൈഎഫ്ഐക്കോ സംഭവവുമായി ബന്ധവുമില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു.