കോട്ടയം: പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസ് ലാത്തിവീശുകയും ചെയ്തു.
സംഘർഷത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ മാറ്റാൻ പോലീസ് ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണിയെതുടർന്ന് പള്ളിക്കുള്ളിൽ അഭയം തേടിയവർക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ഡിസംബർ 23ന് രാത്രി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കാരൾ സംഘത്തെയാണ് ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത്. പള്ളിക്കു നേരെയും ആക്രമണമുണ്ടായി.
സിപിഎമ്മും ഡിവൈഎഫ്ഐയും ഏർപ്പെടുത്തിയ ഊരുവിലക്കു പ്രദേശത്തു തുടരുകയാണ്. ആക്രമിക്കപ്പെട്ടവരിൽ 6 കുടുംബത്തിൽപ്പെട്ട 25 പേർ ഇപ്പോഴും പള്ളിയിലുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെ ആക്രമിക്കുകയും പള്ളി അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അവർക്ക് അടുത്ത ദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. നിസാര വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തതിനാലാണ് ജാമ്യം ലഭിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.