ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് നല്കിയ മികച്ച സ്വിംഗ് ബൗളര്‍മാരില്‍ ഒരാളാണ് ഇന്‍ഫാന്‍ പത്താന്. ബറോഡ ബോംബര്‍ എന്ന ഇരട്ടപ്പേരുള്ള ഇര്ഫാന് കുറച്ചുനാളായി ടീം ഇന്ത്യയില്‍ നിന്ന് പുറത്താണ്. എന്നാലും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് താരം. ഇപ്പോള്‍ പക്ഷേ പത്താന് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാര്യത്തിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പാക്കിസ്ഥാനി പെണ്‍കുട്ടി തന്നോട് ചോദിച്ച ചോദ്യം പരസ്യമാക്കിയതാണ് അദ്ദേഹത്തെ വീണ്ടും വാര്‍ത്തകളിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ബറോഡയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടി തന്നോട് ചോദിച്ച ചോദ്യം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാഹോറില്‍ പാകിസ്താനുമായിട്ടുള്ള ടൂര്‍ണമെന്റിനിടയില്‍ ‘ഒരു മുസ്ലീമായിട്ടും എന്തിനാണ് താങ്കള്‍ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്’ എന്നായിരുന്നു പെണ്‍കുട്ടി ചോദിച്ചത്. ചോദ്യം കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെങ്കിലും അവരോട് മികച്ച മറുപടി നല്കാന് തനിക്കായിയെന്ന് ഇര്ഫാന് പറഞ്ഞു.
മുസ്ലീമായാലും ഞാന്‍ ഒരു ഇന്ത്യക്കാരനാണ്, ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു, ഈ ഒരു അഭിമാനം എന്നെ കൂടുതല്‍ മികവുറ്റതാക്കുന്നുവെന്നായിരുന്നു ആ പെണ്‍കുട്ടിക്ക് നല്കിയ മറുപടിയെന്ന് ഇര്ഫാന് പറഞ്ഞു. സയ്യദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ ഇര്ഫാന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.