ചിറ്റാർ: പത്തനംതിട്ട ജില്ലയുടെ റോഡ് വികസനത്തിനായി കഴിഞ്ഞ മൂന്നുവർഷം കൊണ്ടു സംസ്ഥാന സർക്കാർ അനുവദിച്ചത് 5000 കോടി രൂപയെന്ന് മന്ത്രി ജി. സുധാകരൻ. വടശേരിക്കര ചിറ്റാർ ആങ്ങമൂഴി റോഡിന്റെ ഉദ്ഘാടനം ചിറ്റാറിൽ നിർവഹിച്ചു പ്രസംഗി്ക്കുകയായിരുന്നു അദ്ദേഹം. ജില്ല രൂപീകൃതമായ ശേഷം ഇതാദ്യമാണ് ഇത്രയധികം തുക റോഡുകളും പാലങ്ങളും വികസിപ്പിക്കുന്നതിനായി അനുവദിച്ചത്.
കേരളത്തിലെ റോഡുകളുടെയും മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ശബരിമല തീർത്ഥാടകരുടെ സൗകര്യം കൂടി കണക്കിലെടുത്ത് 41 റോഡുകൾക്ക് 224 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.അതിൽ 80 കോടിയും റാന്നി മണ്ഡലത്തിൽ കൂടി കടന്നു പോകുന്ന റോഡുകൾക്കാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് പൂർത്തിയായി വരുകയാണെന്നും മന്ത്രി പറഞ്ഞു.
ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ രാജുഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി, റാന്നി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ഗിരിജാ മധു, ഓമനാ ശ്രീധരൻ, ടി. കെ. സജി, എസ്. ഹരിദാസ്, എം. എസ്. രാജേന്ദ്രൻ, ഇബ്രാഹിം എഴിവീട്ടിൽ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ആർ. അനിൽ കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ബി. ശ്രീലത എന്നിവർ പ്രസംഗിച്ചു.
34.61 കോടി രൂപ ചെലവഴിച്ച് വടശേരിക്കര ചിറ്റാർ ആങ്ങമൂഴി പ്ലാപ്പള്ളി ഭാഗം വരെ ബിഎം ബിസി നിലവാരത്തിലാണ് റോഡ് പണി പൂർത്തീകരിച്ചിട്ടുള്ളത്. കിഴക്കൻ മലയോര മേഖലയുടെ വികസന വഴിയിലെ നാഴികക്കല്ലാണ് ഈ റോഡ്. മുന്പ് ഉണ്ടായിരുന്ന റോഡ് പൂർണമായി ഇളക്കി മാറ്റിയും വളവുകളിൽ വീതി കൂട്ടിയും ആവശ്യമായ സംരക്ഷണഭിത്തികളും കലുങ്കുകളും തീർത്ത് 6.10 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്.
ശബരിമല തീർഥാടകർക്ക് കൂടി പ്രയോജനം ലഭിക്കുന്ന ഈ റോഡുവഴി പ്ലാപ്പള്ളി ഭാഗത്തുനിന്ന് വരുന്ന തീർഥാടകരുടെ വാഹനങ്ങൾ ചിറ്റാറിലെത്തി പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിലേക്ക് സുഗമമായി സഞ്ചരിക്കാനാകും.