പത്തനംതിട്ട: കോന്നി കൂടൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവം സഹിക്കാൻ കഴിയുന്നതിലും അപ്പുറമെന്ന് എംഎൽഎ കെ. യു ജനീഷ് കുമാർ. രണ്ടാഴ്ച മുമ്പ് നടന്ന നിഖിലിന്റേയും അനുവിന്റേയും വിവാഹത്തിൽ താനും പങ്കെടുത്തിരുന്നു എന്ന് എംഎൽഎ പറഞ്ഞു.
അപകട കാരണം എന്താണെന്ന് പരിശോധിക്കും. റോഡിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതേ ഉള്ളൂ. ടാറിംഗ് കഴിഞ്ഞത് മുതൽ എല്ലാ വാഹനങ്ങളും ഇത് വഴിയാണ് വരുന്നതെന്ന് ജനീഷ് കുമാർ പറഞ്ഞു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു വരുന്നതേ ഉള്ളൂ. എങ്കിലും റോഡ് നല്ല നിലയിൽ കിടക്കുന്നത് കൊണ്ടുതന്നെ വാഹനങ്ങൾ അമിത വേഗതയെടുക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെന്നും എംഎൽഎ പ്രതികരിച്ചു. വാഹനം അമിത വേഗതയിൽ ആയിരുന്നു. കാറിലുള്ളവർ ഉറങ്ങിപ്പോകാനുള്ള സാധ്യതയാണ് അപകടത്തിന് കാരണമായതായാണ് പോലീസ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.