പത്തനംതിട്ട: പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് നാടിനു നാണക്കേടാകുന്നു. കെഎസ്ആർടിസിക്കു താത്കാലികമായി വിട്ടുനൽകിയിരിക്കുന്ന യാർഡിലാണ് ഏറെ ദുരിതം.ദീർഘദൂര ബസുകൾ അടക്കം പുറപ്പെടുന്ന യാർഡിൽ കാലുകുത്താൻ ആകാത്ത സ്ഥിതിയാണ്. ചെളിവെള്ളവും കുഴിയുമാണ് പ്രധാന കാരണം. ചെളിയിൽ തെന്നി വീണ് യാത്രക്കാർക്ക് അപകടങ്ങൾ നിത്യസംഭവമാകുന്നു. കെഎസ്ആർടിസിയുടെ വോൾവോ, സ്കാനിയ ബസുകൾ ഉൾപ്പെടെയുള്ളവ ഇവിടെനിന്നാണ് പുറപ്പെടുന്നത്. ദീർഘദൂര യാത്രയ്ക്കായി ലഗേജുമായി വരുന്നവർ ബസിൽ കയറാൻ സർക്കസ് കൂടി അഭ്യസിക്കേണ്ട സ്ഥിതിയാണ്.
പത്തനംതിട്ട നഗരസഭയുടെ നിയന്ത്രണത്തിലാണ ്ബസ് സ്റ്റാൻഡ്. മഴക്കാലം ആരംഭിച്ചതോടെയാണ് സ്റ്റാൻഡ് കുളം തോണ്ടിയത്. കഴിഞ്ഞവർഷവും ഇതു തന്നെയായിരുന്നു സ്ഥിതി. കരിങ്കൽ ക്വാറികളിൽ നിന്ന് പൊടിയും മക്കുമിട്ടാണ് കുഴികൾ അടച്ചത്. ഇത്തവണ അതുമുണ്ടായില്ല. സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്ന ഒരു യാർഡ് കഴിഞ്ഞവർഷം മെച്ചപ്പെടുത്തി. മറ്റു രണ്ട് യാർഡുകളിലും വെള്ളക്കെട്ടാണ്.
സ്വകാര്യ ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന പാതയും വെള്ളക്കെട്ടിലും ചെളിയിലും നിറഞ്ഞു കിടക്കുന്നു. നൂറുകണക്കിനു യാത്രക്കാർ എത്തുന്ന ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ് നഗരസഭ.
ശബരിമല തീർഥാടകർ അടക്കം പുറമേ നിന്നുള്ള യാത്രക്കാർ വന്നുപോകുന്ന സ്റ്റാൻഡിന്റെ സ്ഥിതി നാടിനു തന്നെ നാണക്കേടാകുകയാണ്.
നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ബസ് സ്റ്റാൻഡിനെ അവഗണിക്കുകയാണ്. കെഎസ്ആർടിസി പുതിയ സ്റ്റാൻഡിലേക്കു മാറുന്നതോടെ നിലവിൽ അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യാർഡ് പുനർനിർമിക്കാമെന്നാണ് നഗരസഭയുടെ ഇപ്പോഴത്തെ നിലപാട്. എന്നാൽ പ്രതിദിനം സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ യാതനയ്ക്ക് അടിയന്തര പരിഹാരമാണ് ഇപ്പോൾ വേണ്ടത്.