പത്തനംതിട്ട: സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വർജന മിഷനിൽ ജില്ലാ കോ ഓർഡിനേറ്ററുടെ നിയമനത്തെ സംബന്ധിച്ച് സിപിഎമ്മിൽ തർക്കം. യോജിച്ചൊരു പേര് നിർദേശിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനു കഴിയാത്തതിനാൽ ജില്ലയിൽ കോ ഓർഡിനേറ്ററെ നിയമിക്കാനായിട്ടില്ല.
പ്രതിമാസം 50,000 രൂപ ശന്പളത്തിൽ ഒരാളെ നിയമിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. പൊതുരംഗത്തുനിന്നുള്ള ഒരാൾക്കാണ് മുൻഗണന. വിമുക്തി മിഷനുമായി ബന്ധപ്പെട്ട ലഹരിവർജന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബോധവത്കരണ പരിപാടികൾ ആസുത്രണം ചെയ്യുകയുമാണ് പ്രധാന ഉത്തരവാദിത്വം.
ഇതുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിൽ 40 പേരാണ് പങ്കെടുത്തത്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കോ ഓർഡിനേറ്റർമാരെ നിയമിച്ചു കഴിഞ്ഞു. എക്സൈസ് വകുപ്പിൽ നിന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും പത്തനംതിട്ടയിൽ നിന്നുള്ള നിയമനത്തിനു തടസമുണ്ടായി.
ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം നിർദേശിച്ച പേരിനോടു സിപിഎം ജില്ലാ സെക്രട്ടറി വിമുഖത പ്രകടിപ്പിക്കുകയും അദ്ദേഹം മറ്റൊരു പേര് നിർദേശിക്കുകയും ചെയ്തതായി പറയുന്നു. ഒന്നിലേറെ പേരുകൾ എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർക്കു ലഭിച്ചതോടെ നിയമന ശിപാർശ നൽകാൻ അദ്ദേഹവും തയാറായില്ല.
വിദ്യാഭ്യാസ യോഗ്യതയും ക്രിമിനിൽ കേസുകളിൽ പ്രതിയല്ലാത്തവരുമൊക്കെ തസ്തികയിൽ വരണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി നിർദേശിച്ചയാൾ വിജിലൻസ് കേസിൽ പ്രതിയായിരുന്നുവെന്ന ആക്ഷേപവും വകുപ്പ് തല ഉദ്യോഗസ്ഥർക്കെത്തി.
ഇതോടെ നിയമനശിപാർശ വൈകിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനം ഉണ്ടാകില്ലെന്നു വ്യക്തമായതോടെ ഏരിയാ കമ്മിറ്റികൾ തങ്ങളുടെ ഇഷ്ടക്കാരുടെ പേരുകളുമായി സിപിഎം സംസ്ഥാന സമിതിയംഗങ്ങളെ സമീപിച്ചിരിക്കുകയാണ്.
എന്നാൽ ഈ പേരുകളിലൊന്നും ഏകകണ്ഠമായ അഭിപ്രായം ഉണ്ടായിട്ടില്ല. പാർട്ടിക്കു പുറമേ നിന്നും യോഗ്യനായ ഒരാളെ തസ്തികയിൽ നിയമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.