പത്തനംതിട്ട: അമ്മ നോക്കിനിൽക്കെ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും. റാന്നി ചെറുകോൽ കീക്കൊഴൂർ മലർവാടി ജംഗ്ഷനിൽ മാടത്തേത്ത് ജയിംസിന്റെ മകൻ തോമസ് ചാക്കോ (ഷിബു -47)യെയാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് ഒന്നാം നന്പർ ജഡ്ജി എൻ. ഹരികുമാർ കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രതിക്കു വധശിക്ഷ നൽകണമെന്നാണു പ്രോസിക്യൂഷൻ വാദം.
മാടത്തേത്ത് ജേക്കബ് ചാക്കോയുടെ മക്കളായ മെബിൻ (ഏഴ്), മെൽബിൻ (മൂന്ന്) എന്നീ കുട്ടികളാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികളുടെ പിതൃസഹോദരനാണ് പ്രതിയായ ഷിബു. കേസ് ഇങ്ങനെ: 2013 ഒക്ടോബർ 27നു രാവിലെ 7.30ഓടെ ഷിബു കുട്ടികളുടെ വീട്ടിലെത്തി. മുറ്റത്തു നിൽക്കുകയായിരുന്ന മെൽബിനെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി.
തടയാൻ ശ്രമിച്ച കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം ദേഹോപദ്രവം ഏൽപിച്ചു. തുടർന്ന് വീട്ടിനുള്ളിൽ കടന്നു ചാരുകസേരയിൽ മുന്തിരിങ്ങ കഴിച്ചുകൊണ്ടിരുന്ന മെബിനെയും കുത്തി. പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന ഡീസൽ വീടിന്റെ താഴത്തെ നിലയിലെയും മുകളിലത്തെ നിലയിലെയും കിടപ്പുമുറികളിൽ ഒഴിച്ച ശേഷം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു.
കുടുംബവസ്തു സംബന്ധമായ തർക്കം കാരണം പിതാവുമായി പിണങ്ങി വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഷിബു. തർക്കം പരിഹരിക്കാത്തതാണ് ദാരുണമായ കൊലപാതകത്തിനു ഷിബുവിനെ പ്രേരിപ്പിച്ചതെന്നു പറയുന്നു. 2017ലാണ് കേസിൽ വിചാരണ ആരംഭിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 35 സാക്ഷികളെ വിസ്തരിച്ചു. കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയുടെയും പ്രതിയുടെ അമ്മയുടെയും മൊഴികളും കൊലപാതകം നടത്തിയ ശേഷം പ്രതി ജീവനൊടുക്കാൻ ശ്രമിച്ച കേസിൽ പ്രതി റാന്നി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റസമ്മത മൊഴിയും കേസിൽ നിർണായകമായി.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലക്കേസിൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും അപൂർവങ്ങളിൽ അത്യപൂർവമായ കേസായി പരിഗണിച്ചു പ്രതിക്കു വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ എസ്. മനോജ് വാദിച്ചു. റാന്നി സിഐ ആയിരുന്ന ജെ. ഉമേഷ് അന്വേഷണം നടത്തി രജിസ്റ്റർ ചെയ്ത കേസാണിത്.