പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ആരെന്നത് പത്തനംതിട്ട ഡിസിസിക്ക് വിഷയമല്ലെന്ന് പ്രസിഡന്റ് ബാബു ജോർജ്.സ്ഥാനാർഥിയെ ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസില്‍ ഒരു അഭിപ്രായവ്യത്യാസവും ഇല്ല. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ കാത്തിരിക്കുകയാണ് ജില്ലയിലെ പൊതുസമൂഹവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും.
കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥി ആരായാലും അവരെ വിജയിപ്പിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നും ബാബു ജോർജ് പറഞ്ഞു.ശബരിമല പ്രതിസന്ധി പരിഹരിക്കാന്‍ നിയമനിര്‍മാണമോ ഓര്‍ഡിനന്‍സോ കൊണ്ടുവരാമെന്നിരിക്കെ അതൊന്നും ചെയ്യാതെ ശബരിമലയുടെ പേരില്‍ വോട്ട് തേടാന്‍ ബിജെപിക്ക് അവകാശമില്ല.
ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാന്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സിപിഎമ്മിന്റെ കോണ്‍ഗ്രസ് വിരുദ്ധരാഷ്ട്രീയത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ബാബു ജോർജ് പറഞ്ഞു.എംഎല്‍എ ഫണ്ട് വിനിയോഗത്തില്‍ ജില്ലയിലെ അഞ്ച് എംഎല്‍എമാരില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നയാളാണ് വീണാ ജോർജ്.
കേരളത്തിലെ 20 എംപിമാരില്‍ ഫണ്ട് വിനിയോഗത്തില്‍ 93.7 ശതമാനം ഫണ്ടും വിനിയോഗിച്ച് ഒന്നാം സ്ഥാനത്തു നില്ക്കുന്ന ആന്റോ ആന്റണിയെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആരാഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം പത്തനംതിട്ടയിലെ സിപിഎം പ്രവർത്തകരുടെമേൽ അടിച്ചേൽപിക്കുകയാണുണ്ടായതെന്ന് പ്രവർത്തകർ ആക്ഷേപിക്കുന്നുണ്ടെന്നും ബാബു ജോർജ് ചൂണ്ടിക്കാട്ടി.