പത്തനംതിട്ട: മോഷണശ്രമത്തിനിടെ പുല്ലാട് മുട്ടുമണ്‍ ഐരക്കാവ് ചിറ്റേഴത്ത് വീട്ടിൽ ഏലിയാമ്മ (65) യെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം. രണ്ടാം പ്രതിക്ക് 13 മാസം തടവും. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി സോനു സി. പണിക്കരാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി മാരാമണ്‍ കുറന്തയിൽ രാമചന്ദ്രന് (48) ജീവപര്യന്തം തടവും 20,000 രൂപ പിഴയും അടയ്ക്കണം. ഇതരവകുപ്പുകളിലും കോടതി പ്രതിക്കു പ്രത്യേക ശിക്ഷകൾ വിധിച്ചിട്ടുണ്ട്.രണ്ടാം പ്രതി നാരങ്ങാനം പുത്തൻപുരയിൽ ജോണിക്ക് (42) വിവിധ വകുപ്പുകളിലായി 13 മാസം തടവും പിഴയും വിധിച്ചിട്ടുണ്ട്. 2008 സെപ്റ്റംബർ 22നാണ് കേസിനാസ്പദമായ സംഭവം.
ഏലിയാമ്മയുടെ വീട്ടിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗിനെത്തിയ രാമചന്ദ്രൻ വീട്ടിൽ റബർ ഷീറ്റ് ഉണങ്ങി വച്ചിരിക്കുന്നതു കണ്ടിരുന്നു. ഇതു മോഷ്ടിക്കാനായി രണ്ടാംപ്രതി ജോണിയെയും കൂട്ടി ജീപ്പിൽ വീടിനു സമീപമെത്തി. പ്രതികളെ കണ്ട ഏലിയാമ്മ മോഷണം തടയാൻ ശ്രമിച്ചു.
ഇതിനിടെ രാമചന്ദ്രൻ ഏലിയാമ്മയെ കുത്തിക്കൊലപ്പെടുത്തുകയും ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ അപഹരിച്ച് മുങ്ങുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസ് ക്രൈംബ്രാഞ്ചാണ് പുനരന്വേഷണം നടത്തിയത്.
23 സാക്ഷികളെ കേസിൽ വിസ്തരിച്ചു. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയാടിസ്ഥാനത്തിലുമാണ് അന്വേഷണം പൂർത്തീകരിച്ചത്. മൂന്നു പ്രതികൾ ആദ്യം കേസിൽ ഉൾപ്പെട്ടിരുന്നെങ്കിലും മൂന്നാംപ്രതിയെ പിന്നീട് മാപ്പുസാക്ഷിയാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ പരമേശ്വരൻപിള്ള, മധു പി. സാം, കെ.ടി. അനീഷമോൻ, വിശാൽ കുമാർ എന്നിവർ കോടതിയിൽ ഹാജരായി.