പത്തനംതിട്ട: മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയതോടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ മത്സരചിത്രം തെളിഞ്ഞു.യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ത്രികോണ പോരാട്ടത്തിനാണ് മണ്ഡലം ഒരുങ്ങിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംപി കോണ്‍ഗ്രസിലെ ആന്റോ ആന്റണി നാലം ഊഴം തേടുന്പോള്‍, എല്‍ഡിഎഫില്‍ നിന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മുന്‍മന്ത്രി ഡോ.ടി.എം. തോമസ് ഐസക്കാണ് സ്ഥാനാര്‍ഥി.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി രംഗത്തിറക്കിയിരിക്കുന്നത് അനില്‍ ആന്റണിയെയാണ്.സ്ഥാനാര്‍ഥികള്‍ മൂവരും ഇതിനോടകം മണ്ഡലത്തില്‍ സജീവമാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതിനാല്‍ എംപിയെന്ന നിലയില്‍ പൊതുപരിപാടികളില്‍ പങ്കെടുത്തു വരികയായിരുന്നു ആന്റോ ആന്റണി. ഇന്നു മുതല്‍ പ്രചാരണ പരിപാടികളുമായി രംഗത്തിറങ്ങും.
ഏറ്റവും ആദ്യം തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയത് തോമസ് ഐസക്കാണ്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഖാമുഖം പരിപാടികളുമായി ഐസക്ക് സജീവമാണ്. പൊതുപരിപാടികളിലും തന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പിക്കുന്നു. എല്‍ഡിഎഫിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്നാണ്.
എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി മൂന്നുദിവസം മുന്‍പാണ് ഔദ്യോഗികമായി രംഗപ്രവേശം ചെയ്തത്. ബിജെപിയുമായി ബന്ധപ്പെട്ട പരിപാടികളിലൂടെ പ്രവര്‍ത്തകരെ കണ്ട് പിന്തുണ തേടുന്ന തിരക്കിലാണ് അദ്ദേഹം.
14,08, 771 വോട്ടര്‍മാര്‍
പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ഉള്‍പ്പെട്ടതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. 14,08,771 വോട്ടര്‍മാരാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നതിനാല്‍ കണക്കുകളില്‍ വ്യത്യാസം വരാം. നിലവില്‍ 6,73,068 പുരുഷന്മാരും 7,35,695 സ്ത്രീകളും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്.
പത്തനംതിട്ട ലോക്സഭാ മണ്ഡലം:
ആകെ പുരുഷന്മാര്- 6,73,068.
സ്ത്രീകള്‍- 7,35,695.ട്രാന്‍സ്ജെന്‍ഡര്‍- 8.