മഴക്കാലം ശക്തി പ്രാപിച്ചതോടെ കേരളത്തിലെ പല റോഡുകളും തോടുകളായി. പ്രധാനപ്പെട്ട പല പ്രദേശങ്ങളും വെള്ളക്കെട്ടുകളുമായി. കേരളത്തില്‍ മഴക്കാലത്ത് ഈ പ്രതിഭാസം പുതുമയുള്ളതല്ലെങ്കിലും ഇത്തവണ പത്തനംതിട്ട സ്റ്റാന്‍ഡിലെ വെള്ളക്കെട്ട് കുറച്ച് കൂടുതല്‍ ചര്‍ച്ചയായി, വിവാദവുമായി.
പത്തനംതിട്ടയിലെ ബസ്സ്റ്റാന്‍ഡുകളുടെ ശോചനീയാവസ്ഥ വിവരിച്ചുകൊണ്ട് ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെ പരിഹസിച്ച് യുവാവിട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പോസ്റ്റിട്ട ബി.ജെ.പി.പ്രവര്ത്തകന് കൂടിയായ യുവാവിനെ വീണ് ജോര്‍ജിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തതോടു കൂടി വിഷയം കൂടുതല്‍ വാര്‍ത്തയായി.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ വീണാ ജോര്‍ജിനെതിരെ കാമ്പയിനും തുടങ്ങി. കാര്യം കൈവിട്ടു പോകുമെന്ന് തോന്നിയതോടെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ടതിനാലാണ് പോലീസില്‍ പരാതിപ്പെട്ടതെന്ന ന്യായീകരണവുമായി എംഎല്‍എ വരികയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്, പത്തനംതിട്ട ബസ്സ്റ്റാന്‍ഡും അവിടുത്തെ ശോചനീയമായ അവസ്ഥയുമാണ്.
കെ.എസ്.ആര്.ടി.സി. ഉപയോഗിക്കുന്ന ഒന്നാം സ്റ്റാന്‍ഡാണ് ഏറ്റവും മോശം. ബസില്‍നിന്ന് കരഭാഗം കണ്ട് ഇറങ്ങാന്‍ കഴിയില്ല. വെള്ളത്തില്‍ കൂടി വേണം ബസ് കയറാനും ഇറങ്ങാനും. ബസ് ടെര്‍മിനലില്‍ മഴയത്ത് വന്‍തോതില്‍ വെള്ളം ഇതിലേക്ക് വീഴും. ട്രാന്‍സ്പോര്‍ട്ട് കണ്ട്രോള് ഓഫീസില്‍ ഇരിക്കുന്നവരും വല്ലാതെ പ്രയാസപ്പെടുന്നുമുണ്ട്. മേല്‍ക്കൂരയിലെ ചോര്‍ച്ചയാണ് കാരണം.
മുമ്പ് മൂന്ന് ടെര്‍മിനലും മോശമായി കിടക്കുകയായിരുന്നു. നഗരസഭ മൂന്ന് കോടി മുടക്കി നടുവിലെ ടെര്‍മിനല്‍ ശരിയാക്കി. ഒന്നും മൂന്നും ടെര്‍മിനലാണ് ഇനി കുളമായി കിടക്കുന്നത്. ഇവയ്ക്ക് അഞ്ച് കോടി രൂപ നഗരസഭാ ബജറ്റില്‍ വെച്ചിട്ടുണ്ട്. മഴ മാറിയാല്‍ മാത്രമേ പണി ചെയ്യാന്‍ കഴിയൂ എന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ട്രോളന്മാര് അറിഞ്ഞ് പെരുമാറുക തന്നെയാണ്. അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും ഫലം കാണുമെന്ന് പ്രതീക്ഷിക്കാം.