പത്തനംതിട്ട: മദ്യപിച്ചെത്തിയ മകൻ അമ്മയുടെ ഇരു കൈകളും തല്ലിയൊടിച്ചു. ഇന്ന് രാവിലെ പത്തനംതിട്ട റാന്നിയിലാണ് സംഭവം. തട്ടയ്ക്കാട് തേവർ കാട്ടിൽ സരോജിനിയുടെ(65) കൈയാണ് മകൻ വിജേഷ്(32) തല്ലിയൊടിച്ചത്.
ചക്ക വേവിച്ച് കൊടുത്തില്ലെന്ന് പറഞ്ഞാണ് വിജേഷ് അമ്മയുടെ കൈ തല്ലി ഒടിച്ചത്. അടുത്തുള്ള ബന്ധുവീട്ടിൽ നിന്നും വിജേഷിന് ഒരു ചക്ക നൽകിയിരുന്നു. അതുമായി വീട്ടിലെത്തിയ ഇയാൾ അമ്മയോട് അത് വേവിച്ച് നൽകാൻ ആവശ്യപ്പെട്ടു.
എന്നാൽ മറ്റ് ജോലികൾ ചെയ്തു തീർക്കാൻ ഉള്ളതിനാൽ സരോജിനിക്ക് ചക്ക വേവിക്കാൻ സമയം കിട്ടിയില്ല. ഇതിനിടെ പുറത്തുപോയി തിരിച്ചു വന്ന വിജേഷ് ചക്ക വേവിച്ചില്ലെന്ന് പറഞ്ഞ് വൃദ്ധ മാതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ സരോജിനിക്ക് തലയ്ക്കും നടുവിനും പരുക്കുണ്ട്. ഉടൻ തന്നെ ഇവരെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.