പത്തനംതിട്ട: ആധുനിക സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനേ തുടർന്ന് മുകൾനിലയിൽ നിന്നു രോഗികളെ ജീവനക്കാർ സ്ട്രെക്ചറിൽ ചുമന്നു താഴെ എത്തിക്കുന്ന സംഭവത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ ഡിഎംഒ 15 ദിവസത്തിനകം അറിയിക്കണമെന്ന് കമ്മീഷനംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻസ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നിരീക്ഷണം. മൂന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്റേറിൽനിന്നും തടിയിൽ കോർത്തു കെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.