പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുന്പിരി കൊണ്ടിരിക്കേ ആന്റോ ആന്റണി എംപി കേന്ദ്രഫണ്ട് വിനിയോഗിച്ച് പ്രഖ്യാപിച്ച ഇൻഡോർ സ്റ്റേഡിയത്തിനുവേണ്ടി ആദ്യഗഡുവായി ലഭിച്ച 1.83 കോടി രൂപ നഗരസഭ അക്കൗണ്ടിൽ കിടന്നത് മൂന്നുവർഷം.
2016 മാർച്ച് രണ്ടിനു പണം നഗരസഭയുടെ അക്കൗണ്ടിലെത്തിയതാണ്. 2017 ൽ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ഗവർണർ പി. സദാശിവം നിർവഹിച്ചു. ആദ്യഗഡുവായി ലഭിച്ച പണം വിനിയോഗിക്കാതെ അടുത്ത ഗഡു വരില്ലെന്നിരിക്കേ നടപടികൾ ഇഴഞ്ഞു. എന്നാൽ ഡിസൈൻ അംഗീകരിച്ചു ലഭിക്കുന്നതിനാണ് കാലതാമസമുണ്ടായതെന്ന ആക്ഷേപവുമുണ്ട്.
സംസ്ഥാന പൊതുമരാമത്ത് വിഭാഗത്തെയാണ് ആദ്യം നിർമാണ പ്രവർത്തനങ്ങൾ ഏല്പിച്ചത്. അവരുടെ നിർദേശപ്രകാരം ഡിസൈനിൽ പലതവണ മാറ്റങ്ങൾ വരുത്തിയിരുന്നു. അഴൂർ ജംഗ്ഷനിൽ പെട്രോൾ പന്പിന് എതിർവശത്തുള്ള സ്ഥലമാണ് ഇൻഡോർ സ്റ്റേഡിയത്തിനായി നിർദേശിക്കപ്പെട്ടത്.
2014ൽ കേന്ദ്ര കായികമന്ത്രാലയം അനുമതി നൽകിയ പദ്ധതിയാണിത്. 15 കോടിയുടേതാണ് ഇൻഡോർ സ്റ്റേഡിയം. ഇതിൽ ആദ്യഘട്ടമായി ആറു കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്. പണികൾ തുടങ്ങുന്ന മുറയ്ക്ക് ബാക്കി പണം ലഭിക്കും. കഴിഞ്ഞ ദിവസമാണ് ടെൻഡർ നടപടികളിലേക്കു കടന്നിരിക്കുന്നത്.
ഇൻഡോർ സ്റ്റേഡിയത്തിന്റെ അന്തിമ ഡിസൈനിന് കൗൺസിൽ അംഗീകാരം ലഭിച്ചു. തുടർന്ന് ടെൻഡർ നടപടികൾക്കായി കേന്ദ്ര പിഡബ്ല്യുഡി വിഭാഗത്തെയാണ് ഏല്പിച്ചിരിക്കുന്നത്. ദേശായി ഗ്രൂപ്പ് തയറാക്കിയ ഡിസൈൻ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അംഗീകരിച്ചാണ് നഗരസഭ കൗൺസിലിന്റെ പരിഗണനയ്ക്കു വന്നത്. രാജ്യാന്തര മത്സരങ്ങൾക്കു വേദി ഒരുക്കാൻ കഴിയുന്നതരത്തിലാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം.
40,000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. രണ്ട് ബാസ്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം, പുരുഷ അത് ലറ്റുകൾക്ക് രണ്ട് പ്രത്യേക ഡോർമെറ്ററികൾ, വസ്ത്രങ്ങൾ മാറാനും സാധനങ്ങൾ സൂക്ഷിക്കാനുമുള്ള ലോക്കറുകൾ, മുറികൾ, സമ്മേളന ഹാൾ എന്നിവ സ്റ്റേഡിയത്തിലുണ്ടാകും. ഒരേ സമയം രണ്ട് രാജ്യാന്തര മത്സരങ്ങൾ വരെ നടത്താം. 5000 കാണികളെ സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകും. 600 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്.