പത്തനംതിട്ട: ഡ്രൈവർമാരുടെ അഭാവം കാരണം ജില്ലാ ആസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം താളംതെറ്റുന്നു. പ്രതിദിനം മൂന്നു മുതൽ ആറ് സർവീസുകളെങ്കിലും മുടങ്ങുന്നുണ്ട്. ഇന്നലെ നാല്ലെണ്ണം മുടങ്ങി. ഞായറാഴ്ച ആറ് സർവീസുകളെയാണ് ബാധിച്ചത്. വയാറ്റുപുഴ, ഊട്ടുപാറ, കോഴഞ്ചേരി, പത്തനാപുരം ഷെഡ്യൂളുകളാണ് ഇന്നലെ മുടങ്ങിയത്.
പത്തനംതിട്ട ഡിപ്പോയിൽ 21 ഡ്രൈവർമാരുടെ കുറവാണുളളത്. നിലവിലുളള ഡ്രൈവർമാർ അധികജോലി ചെയ്താണ് സർവീസുകൾ മുടക്കം കൂടാതെ നടത്തുന്നത്. കഴിഞ്ഞ ദിവസം രണ്ടു ഡ്രൈവർമാരെ കുളത്തൂപ്പുഴയ്ക്ക് സ്ഥലം മാറ്റിയത്. മൂന്ന് ഡ്രൈവർമാർ സ്ഥലം മാറ്റ ഭീഷണിയിലാണ്.
പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ഡ്രൈവർമാരെ മാറ്റിയതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. എന്നാൽ, വലിയ തോതിൽ ഡ്രൈവർമാരുടെ കുറവുളളപ്പോഴാണ് ഡിപ്പോ പോലുമല്ലാത്ത കുളത്തൂപ്പുഴയ്ക്ക് രണ്ടു പേരെ മാറ്റിയത്. ഇവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്ഥലം മാറ്റം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 17നാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. പത്തനംതിട്ടയിലേക്ക് 11 പേരെ നിയമിച്ചതായി പറയുന്നുണ്ടെങ്കിലും ഉത്തരവിൽ പറയുന്ന പേരുകരാരും തന്നെ നിലവിൽ ജോലിയിൽ ഉള്ളവരല്ല.കൊല്ലം സോണിന്റെ പരിധിയിലാണ് പത്തനംതിട്ടയും ഓപ്പറേറ്റിംഗ് സ്റ്റേഷനായ കുളത്തൂപ്പുഴയും.കഴിഞ്ഞ ദിവസം സർവീസ് മുടങ്ങിയത് സ്ഥലം മാറ്റത്തിന്റെ പേരിൽ അല്ലെന്ന് ഒരു വിഭാഗം പറയുന്നു.
ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുളളതിനാൽ ഓരോ ദിവസവും വ്യത്യസ്ത റൂട്ടുകളിലെ സർവീസ് മുടങ്ങുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ ഇടപടെൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. പത്തനംതിട്ടയിലേക്ക് പുതുതായി ഡ്രൈവർമാരെ നിയമിച്ചില്ലെങ്കിൽ സമരം തുടങ്ങുമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ഭാരവാഹികൾ പറഞ്ഞു.
ചെങ്ങന്നൂർ സർവീസ് സ്ഥിരമാകും
പരീക്ഷണാടിസ്ഥാനത്തിൽ നാലു ദിവസം മുന്പ് തുടങ്ങിയ പത്തനംതിട്ട – ചെങ്ങന്നൂർ നോൺ എസി ലോഫ്ളോർ ബസ് സ്ഥിരമാക്കും. രണ്ടു ബസുകളാണ് ഈ റൂട്ടിൽ ഓടുന്നത്. ദിവസം ആറായിരം രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്. കോഴഞ്ചേരിയിൽ കയറാതെ പത്തനംതിട്ട, തെക്കേമല, ചെങ്ങന്നൂർ റൂട്ടിലാണ് സർവീസ്.
50 മിനിട്ടിൽ ചെങ്ങന്നൂരെത്തും. റെയിൽവേ യാത്രക്കാർക്ക് ഇതു പ്രയോജനകരമാണ്. രാവിലെ ഏഴിനാണ് ബസ് പുറപ്പെടുന്നത്. ചെങ്ങന്നൂരിൽ നിന്നും പ്രതിദിന യാത്രക്കാർ ആശ്രയിക്കുന്ന തീവണ്ടികളുടെ സമയംകൂടി കണക്കിലെടുത്ത് ബസ് സമയം പുനഃക്രമീകരിച്ചാൽ വരുമാനം വർധിപ്പിക്കാനാകുമെന്ന നിർദേശവുമുണ്ടായിട്ടുണ്ട്.
ചെയിൻ സർവീസുകൾപ്രതിസന്ധിയിൽ
മുണ്ടക്കയം – പത്തനംതിട്ട – പുനലൂർ ചെയിൻ സർവീസുകളടക്കം പ്രതിസന്ധിയിലാണ്. പത്തനംതിട്ടയിൽ നിന്ന് മൂന്ന് ബസുകളാണ് മുണ്ടക്കയം ചെയിൻസർവീസിനുള്ളത്. മെച്ചപ്പെട്ട വരുമാനമുള്ള ചെങ്ങന്നൂർ ചെയിൻ, ചെങ്ങന്നൂർ ഓർഡിനറി സർവീസ്, കൊല്ലം ചെയിൻ എന്നിവയൊക്കെ പ്രയാസത്തിലാകും. ഇപ്പോൾ ആദ്യ ദിവസം ഡ്യൂട്ടി കഴിയുന്നവർക്ക് ഡ്യൂട്ടി സറണ്ടർ എന്ന നിലയിലാണ് ജോലിക്ക് വന്നിരുന്നത്.
ഇനിയും ജീവനക്കാർ കുറഞ്ഞാൽ ഈ ക്രമീകരണവും പാളും. നിലവിൽ ഇതര ഷെഡ്യൂളുകൾ റദ്ദാക്കി ചെയിൻ സർവീസുകളയക്കുകയാണ്. എന്നാൽ ഗ്രാമീണ മേഖലകളിലേക്കു ഷെഡ്യൂളുകൾ റദ്ദാക്കുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്. തുടർച്ചയായി ഇത്തരം ഷെഡ്യൂളുകൾ റദ്ദാക്കിയാൽ ജനപ്രതിനിധികളടക്കം രംഗത്തുവരും. ചെയിൻ സർവീസ് ഇടയ്ക്കു മുറിഞ്ഞാൽ മൊത്തത്തിൽ ഷെഡ്യൂളുകളെയും ബാധിക്കും.