പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടെ തുടങ്ങാൻ ഉദ്ദേശിക്കുന്ന കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണം മന്ദഗതിയിൽ. നിലവിൽ പ്രധാന കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ് ജോലികൾ നടക്കുന്നെങ്കിലും പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ കൂടി പൂർത്തിയാകാനുണ്ട്.
റോഡിൽ നിന്നും പ്രധാന കെട്ടിടത്തിലേക്ക് പണിയാൻ ഉദ്ദേശിക്കുന്ന ക്രോസ് റാന്പിന്റെ നിർമാണം തുടങ്ങിയിട്ടില്ല. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും നേരിട്ട് സ്റ്റാൻഡിലേക്ക് പ്രവേശിക്കാനുള്ളതാണ് ഈ സംവിധാനം. നിലവിൽ പ്ലാസ്റ്ററിംഗ് ജോലികളും, ടൈൽ പാകുന്ന ജോലികളുമാണ് നടക്കുന്നത്.
ശബരിമല സീസണ് ആരംഭിക്കുന്നതിന് മുന്പായി പണികൾ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞവർഷവും അധികൃതർ ഇതുതന്നെ ആവർത്തിച്ചതിനാൽ നാട്ടുകാർക്ക് വലിയ പ്രതീക്ഷയില്ല. 15000 ചതുരശ്ര അടിയിലാണ് ടെർമിനലിന്റെ നിർമാണം പൂർത്തിയാകുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴ്ഭാഗം പൂർണമായും വ്യാപാര സ്ഥാപനങ്ങൾക്കായി ലേലം ചെയ്തു നൽകി.
രണ്ടാമത്തെ നിലയും വാടകയ്ക്കു നൽകാനാണ്. മൂന്നാമത്തെ നില ഓഫീസായി പ്രവർത്തിക്കും. എഎൽഎ ഫണ്ടിൽ നിന്നും കെഎസ്ആർടിസി തനതു ഫണ്ടിൽ നിന്നും 8.10 കോടിരൂപ മുതൽ മുടക്കിയാണ് ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കുന്നത്. എംഎൽഎ ഫണ്ട് തീർന്നപ്പോൾ കെട്ടിടത്തിന്റെ ആദ്യനില ലേലം ചെയ്തു ഡെപ്പോസിറ്റ് വാങ്ങി. എന്നാൽ ഇതു സമയബന്ധിതമായി പൂർത്തീകരിച്ച് വാടകക്കാർക്ക് നൽകാൻ കഴിയാത്തത് നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്.
യാർഡിന്റെ നിർമാണം പൂർത്തീകരിക്കാൻ ഒന്നര കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിലവിലുള്ള ഓഫീസും വർക്ക് ഷോപ്പും പൊളിച്ചു മാറ്റിയാലെ യാർഡിന്റെ പണികൾ തുടങ്ങാനാകു. പൊളിച്ച് മാറ്റുന്നതിന് മുന്നോടിയായി ഓഫീസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനം ഉണ്ട്. പണികൾ പൂർത്തീകരിക്കാതെ ഓഫീസ് കെട്ടിടം മാറ്റാൻ കഴിയില്ല.
യാർഡിന്റെ പണികൾ പൂർത്തിയായാൽ മാത്രമെ ബസുകൾക്ക് പ്രവേശിക്കാനും സാധിക്കു. ടെർമിനലിനു വശത്തായി പാർക്കിംഗ് ഗ്രൗണ്ടും ഏർപ്പാടാക്കുന്നുണ്ട്. ബസ് സ്റ്റേഷനിൽ ഡീസൽ പന്പ് പുനഃസ്ഥാപിച്ചിട്ടില്ല. നാല് വർഷത്തിലേറെയായി സ്റ്റാൻഡിന്റെ നിർമാണം തുടങ്ങിയിട്ട്. മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പരിമിത സൗകര്യത്തിലാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ പ്രവർത്തനം. സ്വകാര്യ പന്പിൽ നിന്നാണ് ഡീസൽ അടിക്കുന്നത്.