പത്തനംതിട്ട: നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചു. കോണ്‍ഗ്രസ് വിമതരായി വിജയിച്ച മൂന്നംഗങ്ങളുടെയും പിന്തുണയില്‍ എല്‍ഡിഎഫിലെ ടി. സക്കീര്‍ ഹുസൈന് ചെയര്മാന് സ്ഥാനത്തേക്ക്.
കോണ്‍ഗ്രസ് വിമതയായ ആമിന ഹൈദരാലി വൈസ് ചെയര്‍പേഴ്സണാകും.13 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന എല്‍ഡിഎഫിന് മൂന്ന് വിമതരുടെ പിന്തുണ കൂടി ലഭിച്ചതോടെ 32 അംഗ കൗണ്‍സിലിലെ അംഗബലം 16 ആയി ഉയര്‍ന്നു.
ആമിന ഹൈദരാലിക്ക് എസ്ഡിപിഐ പിന്തുണ
യുഡിഎഫ് നിരയില്‍ 13 അംഗങ്ങള്‍ മാത്രമാണുള്ളത്. മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും തീരുമാനിച്ചു. കോണ്‍ഗ്രസ് വിമതരായി ജയിച്ച കെ.ആര്. അജിത് കുമാര്‍, ഇന്ദിരാമണിയമ്മ, ആമിന ഹൈദരാലി എന്നിവരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം രണ്ട് മുന്നണികളും നടത്തിയിരുന്നു.
സ്വതന്ത്രരായി സത്യപ്രതിജ്ഞ ചെയ്ത ഇവര്‍ എല്‍ഡിഎഫ് പക്ഷത്തു നിലയുറപ്പിക്കാനുള്ള തീരുമാനം ഇന്നലെ രാത്രിയോടെ അന്തിമമായുണ്ടായി.
ഇതിനിടെ സ്വതന്ത്രാംഗമാണെങ്കിലും ആമിന ഹൈദരാലിക്ക് എസ്ഡിപിഐ പിന്തുണ നല്‍കിയിരുന്നു. സംസ്ഥാനത്തു വിജയികളായ എസ്ഡിപിഐ കൗണ്‍സിലര്‍മാരുടെ പട്ടികയില്‍ സ്വതന്ത്രയായി ആമിനയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു.
ആമിനയുടെ പിന്തുണ എല്‍ഡിഎഫിനു നല്‍കാനും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം സ്വീകരിക്കാനുമുള്ള തീരുമാനത്തിനു പിന്നാലെയാണ് മൂന്ന് എസ്ഡിപിഐ അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമായി.
പത്തുവര്‍ഷങ്ങള്‍ക്കുശേഷം
പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ് നഗരസഭയില്‍ എല്‍ഡിഎഫ് ഭരണത്തില്‍ തിരികെയെത്തുന്നത്. ഇതു രണ്ടാംതവണയാണ് സക്കീര്‍ ഹുസൈന് പത്തനംതിട്ടയില്‍ ചെയര്‍മാനാകുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം എട്ടാം വാര്‍ഡ് കൗണ്‍സിലറാണ്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന സക്കീര്‍ സ്ഥാനം രാജിവച്ചാണ് ഇത്തവണ നഗരസഭയിലേക്കു മത്സരിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകന് കൂടിയാണ് അദ്ദേഹം. ആമിന ഹൈദരാലി കഴിഞ്ഞ കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. 21 ാം വാര്‍ഡില്‍ നിന്നാണ് ഇത്തവണ വിജയിച്ചത്.
പത്തനംതിട്ടയില്‍ കൗണ്‍സിലറായിരുന്ന ഭര്‍ത്താവ് ഹൈദരാലിയുടെ വിയോഗത്തേ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കഴിഞ്ഞതവണ ആമിന തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്രയായി രംഗപ്രവേശം ചെയ്തത്.