പത്തനംതിട്ട : ബസ്റ്റാൻഡിനു സമീപം മാലിന്യ നിർമാർജന യൂണിറ്റ് സ്ഥാപിക്കുന്നതിൽ നിന്നും പത്തനംതിട്ട നഗരസഭയെ താത്കാലികമായി നിരോധിച്ച് മുൻസിഫ് കോടതി. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടിമാരായ മുഹമ്മദ് റിയാസ്, എസ്. രാജു എന്നിവർ അഡ്വ. മുഹമ്മദ് അൻസാരി വഴി നൽകിയ പൊതു താത്പര്യ സ്വഭാവമുള്ള ഹർജിയിലാണ് പത്തനംതിട്ട മുൻസിഫ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
നഗരത്തിലെ ഏറ്റവും തിരക്കുള്ളതും തീർഥാടകർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ദിവസവും വന്നു പോകുന്നതുമായ ബസ് സ്റ്റാൻഡിനു സമീപം മാലിന്യ നിർമ്മാർജനം നടത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതാണെന്ന് ഹർജി ആരോപിക്കുന്നു. മാലിന്യ നിർമ്മാർജന സംവിധാനം തയാറാക്കുന്നതിനു മുന്പ് എത്രത്തോളം മാലിന്യം ദിനം പ്രതി ഉത്പാദിപ്പിക്കപ്പെടുന്നെന്നോ നിർമ്മാർജന സംവിധാനത്തിന് എത്ര വ്യാപ്തി വേണമെന്നോ പരിശോധന നടത്തുകയോ പഠനം നടത്തുകയോ ചെയ്തിട്ടില്ല.
കൂടാതെ നഗരത്തിലെ പ്രധാന നീരോഴുക്കും അച്ചൻകോവിലാറിന്റെ കൈവഴിയായ കണ്ണങ്കര തോട്ടിലേക്ക് മാലിന്യം പടരാനും അതുവഴി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും നിർദ്ദിഷ്ട പ്ലാന്റ് കാരണമാകുമെന്നും ഹർജിയിൽ ആരോപിക്കുന്നു.
നഗരസഭയ്ക്ക് മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ആവശ്യത്തിന് വസ്തുവകകൾ ഉണ്ടായിട്ടും നഗര ഹൃദയത്തിൽ തന്നെ നിർമ്മാർജന യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നൽകിയ ഹർജിയിൽ കോടതി താത്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഹർജിക്കാർക്കു വേണ്ടി അഡ്വ. എൻ. മുഹമ്മദ് അൻസാരി ഹാജരായി.