പത്തനംതിട്ട: മാലിന്യങ്ങൾ നീക്കം ചെയ്യാനും നഗരപ്രദേശം ശുചീകരിക്കാനുമായി നഗരസഭയിലുള്ളത് 21 തൊഴിലാളികളാണ്. ഒരാൾ ഒഴികെ 20 പേരും ദിവസ വേതന ജീവനക്കാർ. ഒരു ദിവസം 630 രൂപയാണ് കൂലി. പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഇവരുടെ ജോലി സമയം. നഗരത്തിലെ റോഡു വശങ്ങളിലെ മാലിന്യങ്ങൾ നഗരസഭ വാഹനത്തിൽ ശേഖരിക്കുകയും വഴിയോരങ്ങൾ വൃത്തിയാക്കുകയുമാണ് ജോലി. എന്നാൽ ഇവരുടെ സുരക്ഷയ്ക്ക് നഗരസഭ യാതൊന്നും ചെയ്യുന്നില്ലെന്നാണ് പരാതി.
സുരക്ഷ ഉപകരണങ്ങൾ ഉൾപ്പെടെ സ്വന്തമായി വാങ്ങണം. മാലിന്യത്തിൽ കഴിഞ്ഞതുമൂലം ത്വക്ക് രോഗവും മറ്റ് അസുഖങ്ങളും വേറെ.ഇവർക്ക് വസ്ത്രം മാറാനും വിശ്രമത്തിനും നഗരസഭ നൽകിയിരിക്കുന്ന സൗകര്യങ്ങൾ അതിലേറെ ദയനീയം. നഗരസഭ കാര്യാലയത്തിന്റെ മുകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വിശ്രമകേന്ദ്രങ്ങളോട് സാമ്യമുള്ള മുറികൾ. ഇതാകട്ടെ തുണിയും തകര ഷീറ്റുകളും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.
നഗരസഭയിലെ ജീവനക്കാർക്ക് പുറമേയാണ് സ്വകാര്യ ഏജൻസിയുടെ ചുമതലയിലുള്ള മാലിന്യശേഖരണവും നടക്കുന്നത്. നഗരസഭ കാര്യാലയം തന്നെ വൃത്തിഹീനമാണ്. ജീവനക്കാർ ഉപയോഗിക്കുന്ന ശൗചാലങ്ങളിലെ ദുർഗന്ധവും വുത്തിഹീനമായ വരാന്തകളും ഉപയോഗ്യശൂന്യമായ പേപ്പറുകളും ഇ-മാലിന്യങ്ങളും നിറഞ്ഞ മുറികളും നഗരത്തിന്റെ മൊത്തത്തിലുള്ള മുഖ കാഴ്ചയാണ്.
മുൻ ഭരണസമിതി നഗരത്തിലെ മാലിന്യങ്ങൾ ഒഴിവാക്കാനായി ശാസ്ത്രീയ സമീപനമാണ് കൈക്കൊണ്ടിരുന്നതെന്നാണ് മുൻ നഗരസഭ ചെയർമാൻ എ. സുരേഷ് കുമാറിന്റെ നിലപാട്. പിന്നീട് വന്ന ഭരണ നേതൃത്വമാണ് ഇതെല്ലാം അട്ടിമറിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നഗര പൂന്തോട്ട പദ്ധതിയും അട്ടിമറിച്ചു. നിലവിലെ മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. 15നു മാലിന്യ നീക്കത്തിന്നു പുതിയ കരാർ ക്ഷണിച്ചു കൊണ്ട് നഗരസഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം എത്രത്തോളം ആലോചനയോടെയാണ് നടപ്പാക്കുകയെന്നതാണ് കണ്ടറിയേണ്ടത്.