പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, പത്തനംതിട്ടയിലെ പതിനെട്ടുകാരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതരായ മൂന്നുപേരൊഴികെ 56 പേരെ ഒരാഴ്ചയ്ക്കുള്ളില്‍ അഴികള്ക്കുള്ളിലാക്കാനായെന്നു പോലീസ്.
പെണ്‍കുട്ടിയുടെ മൊഴിയെ അടിസ്ഥാനമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തശേഷം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റീസ് കോടതിയിലും മറ്റുള്ളവരെ ജുഡീഷല്‍ മജിസ്ട്രേറ്റ് മുമ്പാകെയും ഹാജരാക്കുകയായിരുന്നു.
കുറ്റാരോപിതരുടെ എണ്ണത്തിലും ഇതില്‍ തന്നെ കൗമാരക്കര് കൂടുതലുള്ളതിനാലുമാണ ്സംസ്ഥാനത്ത് ഇതേവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ വച്ചേറ്റവും വലിയ പോക്സോ കേസായി ഇതു മാറിയത്. കുറ്റാരോപിതരായ 59 പേരില്‍ 56 പേരും അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ അറിയിച്ചു.
ഇനി പിടിയിലാകാനുള്ള മൂന്നു പേരില്‍ രണ്ടുപേര്‍ പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെയാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടികള്‍ പോലീസ് തുടരുകയാണ്. ഇലവുംതിട്ട പോലീസ് ഇനി ഒരാളെക്കൂടിമാത്രമേ പിടികൂടാനുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായി 30 കേസുകളാണ് വിദ്യാര്‍ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1. ഇതില്‍ പന്തളം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേരെ കേസെടുത്ത അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ പോലീസ് സംഘം രണ്ടുദിവസം ചെന്നൈയില്‍ തങ്ങി, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തില്‍ ഒരാളെ പിടികൂടുകയും ചെയ്തു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളില്‍ കൂടുതലും യുവാക്കളും ചെറിയ പ്രായത്തിലുള്ളവരുമാണ് എന്നത് കേസുകളെ വ്യത്യസ്തമാക്കുന്നു. ഒപ്പം പഠിച്ചവരും മുതിര്‍ന്ന ക്ലാസുകളില്‍ ഉള്ളവരും, സാധാരണക്കാരുമാണ് അധികവും. ഏറ്റവും പ്രായം കൂടിയയാള്‍ 44 കാരന് മാത്രം.
ഇപ്പോള്‍ 19 ഉം 20 ഉം വയസുള്ളവര്‍ സംഭവം നടക്കുമ്പോള്‍ കൗമാരക്കാരായിരുന്നുവെന്നത് ശ്രദ്ധേയം. അറസ്റ്റിലായവരില്‍ അഞ്ചു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്, പത്തനംതിട്ട മൂന്ന്, ഇലവുംതിട്ട രണ്ട് എന്നിങ്ങനെ. കുറ്റാരോപിതരില്‍ 30 ശതമാനം പേരും ചെറുപ്രായക്കാരാണ്, 30 വയസ് കഴിഞ്ഞവര്‍ രണ്ടുപേരും. 18 നും 25 നുമിടയില്‍ പ്രായമുള്ളവരാണ് അധികവും. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പീഡനസംഭവങ്ങള്‍ തുടങ്ങിയത് എന്നതും സവിശേഷമാണ്.
ഇന്‍സ്റ്റാഗ്രാം ബന്ധമാണ് പീഡനസംഭവങ്ങളുടെ തുടക്കമായത്, ഇതിലൂടെയുള്ള സന്ദേശങ്ങള്‍ കുറ്റകൃത്യത്തിന്റെ എണ്ണം നീളാന്‍ കാരണമായി . പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശുചിമുറിയിലും മറ്റുചില സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ക്കുള്ളിലും പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് വിധേയയായിട്ടുണ്ട്.
നഗ്നദൃശ്യങ്ങള്‍ കാണുകയും, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തവരും കുറ്റാരോപിതരുടെ കൂട്ടത്തിലുണ്ട്. ശക്തമായ ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലത്തില്‍ അന്വേഷണം മികച്ച നിലയില്‍ മുന്നേറുമെന്നും, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.