പത്തനംതിട്ട: പതിനെട്ടുകാരിയായ പെണ്കുട്ടിയെ വിവിധയിടങ്ങളില് ലൈംഗിക പീഡനത്തിനു വിധേയരാക്കിയ കേസില് പിടിയിലായ പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാക്കള് പ്രതിഷേധവുമായി രംഗത്ത്. കുട്ടികളെ പ്രതി ചേര്ത്തതറിഞ്ഞ് ഇവരുടെ രക്ഷിതാക്കള് ഇന്നലെ പ്രതിഷേധവുമായി പത്തനംതിട്ട പോലീസിനെ സമീപിച്ചു.
എന്നാല് പെണ്കുട്ടിയുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തിയല്ല കുറ്റാരോപിതരെ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ലഭ്യമായ മൊബൈല് വിവരങ്ങളും കുറ്റാരോപിതരുടെ സഞ്ചാരപഥവും ഒക്കെ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂട്ടിച്ചേര്ത്താണ് പ്രതിപട്ടികയില് ആളെ ഉള്പ്പെടുത്തിയിട്ടുള്ളത്. പ്രായപൂര്ത്തിയാകാത്തവരെ വീടുവളഞ്ഞും മറ്റും പിടികൂടി സ്റ്റേഷനിലെത്തിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്.
പ്ലസ്ടു വിദ്യാര്ഥികളടക്കം ഇത്തരത്തില് പിടിയിലായിട്ടുണ്ട്. എന്നാല് ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ലെന്നും ബാലാവകാശ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും കുട്ടികള്ക്ക് നല്കിയിട്ടുണ്ടെന്നും പോലീസ് വിശദീകരിച്ചു. ജുവനൈല് ജസ്റ്റീസ് നിയമപ്രകാരമാണ ്ഇവരുടെ തുടര് നടപടികള്.
പെണ്കുട്ടിയുടെ പിതാവിന്റെ ഫോണിലൂടെ വാട്സാപ്പിലും ഇന്സ്റ്റഗ്രാമിലും ചാറ്റ് ചെയ്ത ശേഷം ശാരീരിക ബന്ധത്തിലേര്പ്പെട്ടവരെയാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം പറയുന്നു.അറസ്റ്റിലാകുന്നവര്ക്കെതിരേ ഒരു മാസത്തിനുള്ളില് കോടതിയില് കുറ്റപത്രം സമര്പ്പിക്കാന് പൊലീസ് നടപടികള് വേഗത്തിലാക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.ശ
ബരിമല മകരവിളക്ക് ഉത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ തിരക്കിലാണ് ജില്ലയിലെ ഉയര്ന്ന പോലീസ് ഉദ്യോഗസ്ഥര്. മകരവിളക്ക് കഴിഞ്ഞാല് അന്വേഷണം വേഗത്തിലാക്കും. പിടിയിലാകുന്നവര്ക്കെതിരേ ശാസ്ത്രീയ, സാഹചര്യ തെളിവുകളും ഡിജിറ്റല് വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമര്പ്പിക്കുന്നത്.
അഞ്ച് വര്ഷമായി നടന്ന പീഡനമായതിനാല് പ്രതികളും പെണ്കുട്ടിയുമായി നടന്ന മൊബൈല് ഫോണ് ചാറ്റിംഗിനെപ്പറ്റി വിവരങ്ങള് ശേഖരിക്കാന് മൊബൈല് കമ്പനികളെ സമീപിക്കേണ്ടതുണ്ട്. രണ്ടു വര്ഷത്തില് കൂടുതലുള്ള ഡേറ്റാകള് ചില മൊബൈല് കമ്പനികള് സൂക്ഷിക്കാറില്ലാത്തത് വെല്ലുവിളിയായേക്കും.
പീഡിപ്പിച്ച നാല്പ്പതോളം പേരുടെ നമ്പരുകളാണ് പെണ്കുട്ടി പിതാവിന്റെ ഫോണില് സേവ് ചെയ്തിരിക്കുന്നത്. പെണ്കുട്ടിയുടെ ഡയറിയിലും നോട്ടുബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇതും അമ്മയുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്.