പത്തനംതിട്ട: ജില്ലയിൽ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ 130 ഒഴിവുകൾ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തപ്പോൾ കെഎപി ക്യാന്പിൽനിന്ന് ലഭിച്ചത് ഒരു അപേക്ഷ.
കഴിഞ്ഞ ഒന്നിനാണ് ജില്ലാ പോലീസ് മേധാവി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് കത്ത് നൽകിയത്. ഇതനുസരിച്ച് കെഎപി മൂന്ന് ബറ്റാലിയനിൽ അറിയിപ്പ് നൽകിയപ്പോൾ ലഭിച്ചത് ഒരു അപേക്ഷ മാത്രം.
പത്തനംതിട്ട ജില്ലയിൽ ജോലി ചെയ്യാൻ താത്പര്യം ഉള്ളവർ അറിയിക്കണമെന്ന് കെഎപി കമാൻഡന്റ് നൽകിയ നോട്ടീസ് പ്രകാരം ലഭിച്ചത് ഒരാളെയാണ്. ഇദ്ദേഹത്തെ പത്തനംതിട്ട ജില്ലയിലേക്ക് നിയമിക്കണമെന്ന് നിർദേശിച്ച് പോലീസ് ആസ്ഥാനത്തു നിന്ന് എഡിജിപിയുടെ നിർദേശവും എത്തി.
പോലീസ് സ്റ്റേഷനുകളിലടക്കം ജോലി നോക്കാൻ ക്യാന്പുകളിലുള്ള പോലീസുകാർക്കുള്ള താത്പര്യക്കുറവാണ് ഇതു പ്രകടമാക്കുന്നതെന്നു പറയുന്നു. സേനയിൽ പൊതുവായി നിലനിൽക്കുന്ന അസ്വസ്ഥതകളാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിപിഒ തസ്തികയിൽ നിയമനം സ്വാഭാവികമായി ക്യാന്പുകളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുള്ളവരിൽ നിന്നാണ് നടത്തുന്നത്.