പത്തനംതിട്ട: നദികളാൽ സന്പുഷ്ടമായ പത്തനംതിട്ട ജില്ല കുംഭച്ചൂടിന്റെ കാഠിന്യത്തിൽ ദാഹജലത്തിനുവേണ്ടി വലയുന്നു. നദീ തീരങ്ങളിലാണ് വരൾച്ച ഏറ്റവുമധികമായി അനുഭവപ്പെടുന്നത്. പന്പ ഉൾപ്പെടെ പ്രധാന നദികളെല്ലാം വറ്റിവരണ്ട് നീർച്ചാലുകൾ മാത്രമായി.
മണിമല, അച്ചൻകോവിൽ നദികൾ പലയിടത്തും ഇടമുറിഞ്ഞു തുടങ്ങി. പ്രളയകാലത്ത് രൂപപ്പെട്ട ചെളിക്കുഴികളിൽ മാത്രമാണ് വെള്ളമുള്ളത്. അച്ചൻകോവിൽ മലനിരകളിൽ വരൾച്ച രൂക്ഷമായതോടെ കൈവഴികളെല്ലാം വരണ്ടു.
നദിയുടെ പ്രഭവകേന്ദ്രങ്ങളിൽ നിന്ന് നീർച്ചാലുകൾ ഇല്ല. ഇവയെല്ലാം വറ്റിയിട്ട് മാസങ്ങളായി. അച്ചൻകോവിൽ, തുറ ഭാഗങ്ങളിൽ നിന്നുള്ള ചെറിയ നീരൊഴുക്കിലാണ് താഴേക്കു വെള്ളമെത്തുന്നത്. താഴേക്കുള്ള കൈവഴികളെല്ലാം വറ്റി.
കൊക്കാത്തോട്ടിൽ നിന്നുള്ള തോട് വറ്റിയിട്ടു മാസങ്ങളായി. ഇതോടെ കല്ലേലി പാലത്തിനുസമീപം അച്ചൻകോവിലാറ്റിൽ വെള്ളം തീരെ കുറഞ്ഞു. താഴേക്കുവരുന്പോൾ വെള്ളം കുറഞ്ഞ് ഒഴുക്ക് നിലച്ചതോടെ കെട്ടിക്കിടക്കുന്ന വെള്ളം വേഗത്തിൽ മലിനപ്പെടുകയാണ്.
നദികളിൽ ജലനിരപ്പ് കുറഞ്ഞതോടെ തീരങ്ങളിലെ കിണറുകൾ വറ്റി. ചില സ്ഥലങ്ങളിൽ നദീ തീരത്ത് കിണർ കുത്തി വെള്ളം ശേഖരിക്കുന്നുണ്ട്. രൂക്ഷമായ ജലക്ഷാമം നേരിടുന്നതിലേക്കുള്ള സംവിധാനങ്ങളാണ് തീരങ്ങളിൽ കണ്ടുവരുന്നത്.
മണിമലയാറിനോടനുബന്ധിച്ച് ജലവിതരണ പദ്ധതികളുടെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. ചെളി വെള്ളമാണ് പലയിടത്തും പന്പ് ചെയ്യേണ്ടിവരുന്നത്.