പത്തനംതിട്ട: സ്ഥാനാർഥി നിർണയം പൂർത്തിയാക്കി ലോക്സഭ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ എൽഡിഎഫ് മണ്ഡലതല കൺവൻഷനുകൾക്ക് തുടക്കമായി. പത്തനംതിട്ട ലോക്സഭ മണ്ഡലതല കൺവൻഷൻ ഇന്ന് പത്തനംതിട്ടയിൽ നടക്കും. തുടർന്ന് അസംബ്ലി മണ്ഡലതലങ്ങളിൽ കൺവൻഷനുകൾ ചേരും.
സ്ഥാനാർഥി വീണാ ജോർജ് മണ്ഡലത്തിൽ ഭവനസന്ദർശനം അടക്കമുള്ള പരിപാടികളിലാണ്. സ്ഥാനാർഥിയെ കൂടി പങ്കെടുപ്പിച്ച് പ്രാദേശികതലത്തിൽ യോഗങ്ങൾ എൽഡിഎഫ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രചാരണരംഗത്ത് ഒന്നരമാസം സമയം അവശേഷിക്കുന്നതിനാൽ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള അവസരം പ്രയോജനപ്പെടുത്തുകയാണ് എൽഡിഎഫ്.
യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്യാത്തതിനാൽ പ്രചാരണരംഗം സജീവമായിട്ടില്ല.ഫ്ളക്സ് ബോർഡുകൾ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ പ്രചാരണം കൊഴുപ്പിക്കാനുള്ള മറ്റു മാർഗങ്ങൾ തേടുകയാണ് രാഷ്ട്രീയകക്ഷികൾ. ചുവരെഴുത്ത് അടക്കമുള്ള പ്രചാരണത്തോടൊപ്പം തുണിയിൽ പ്രിന്റ് ചെയ്ത ബാനറുകൾ ഉപയോഗിക്കാനാണ് നീക്കം. പോസ്റ്ററുകളും കൂടുതലായുണ്ടാകും. സ്ക്വാഡ് പ്രവർത്തനം സജീവമാക്കാനാണ് മുന്നണികളുടെ ശ്രമം.