പത്തനംതിട്ട: കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
കഴിഞ്ഞയാഴ്ച ബി കാറ്റഗറിയിലായിരുന്നു ജില്ലയെങ്കിലും രോഗികളുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു കടന്നത്.
സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതോടെ ജില്ലയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.
മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തണമെന്നാണ് നിര്‍ദേശം.
വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളു.
സിനിമ തിയറ്ററുകള്‍, നീനത്തല്ക്കുളങ്ങള്, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
ബിരുദബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.
നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് 30ന് അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു.
ഞായറാഴ്ച ലോക്ഡൗണ്‍: തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇവാന്‍ജലിക്കല്‍ സഭ
തിരുവല്ല: ക്രൈസ്തവ സഭകളുടെ ആരാധന ദിവസമായ ഞായറാഴ്ചകളില്‍ മാത്രം നടത്തുന്ന ലോക്ഡൗണ്‍ പുനഃപരിശോധിക്കണമെന്ന് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ സഭ. ഇത് ഏറെ ദുഃഖകരവും ന്യുനപക്ഷമായ ക്രൈസ്തവ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്നു സഭ അഭിപ്രായപ്പെട്ടു.
ആരാധന സ്വാത്രന്ത്യം ഹനിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയില്‍ തീവ്രമായ ആശങ്കയും ഉത്ക്കണ്ഠയും സഭയ്ക്കുണ്ടെന്ന് ജനറല്‍ കണ്‍വന്‍ഷനില്‍ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോര്‍ജും വൈദിക ട്രസ്റ്റി റവ. സജി മാത്യുവും പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വൈദികര്‍ക്ക് ശുശ്രൂഷ നടത്തുന്നതിനും നിയന്ത്രണത്തോടെ വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കെടുക്കുന്നതിനും ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സഭ ആവശ്യപ്പെട്ടു