പത്തനാപുരം:ഒരിടവേളയ്ക്ക് ശേഷം കിഴക്കന്‍ മേഖലയില്‍ പലിശമാഫിയ വീണ്ടും സജീവമാകുന്നു.ആവശ്യക്കാരെ കണ്ടറിഞ്ഞ് പണമെത്തിക്കുന്ന രീതിയാണ് ഇപ്പോളുള്ളത്.മോഹനവാഗ്ദാനങ്ങള്‍ നല്കി സാധാരണക്കാരനെ വലയില്‍ കുരുക്കും.
വ്യാപാരികൾ,രക്ഷിതാക്കള്‍,സാധാരണക്കാര്‍ എന്നിവരാണ് കൂടുതലും പലിശ വിതരണക്കാരുടെ കെണിയില്‍പെടുന്നത്.പത്തനാപുരത്തെ നിരവധി ചെറുകിട വ്യാപാരികളടക്കം പണം പലിശയ്ക്ക് കൊടുക്കുന്നവരുടെ പിടിയിലാണ്.
വ്യാപാരത്തിൽ നിന്നും ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും പലിശ നല്കാന് മാത്രമേ തികയുന്നുള്ളൂവെന്നതാണ് സത്യാവസ്ഥ.തുടര്‍ന്ന് ഒരാളുടെ കടം വീട്ടാൻ അടുത്ത ബ്ലേഡുകാരന്റെ വലയിൽ കുടുങ്ങുന്നു. ഇങ്ങനെ പരമ്പര തുടരുന്നതോടെ കടം വാങ്ങുന്നവരുടെ കുടുംബം ബുദ്ധിമുട്ടിലാകുന്നു .കഴിഞ്ഞ ജൂലൈയില്‍ പത്തനാപുരത്തെ സ്റ്റേഷനറി വ്യാപാരി പലിശ മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ ബ്ലേഡ് മാഫിയ്ക്കെതിരെ പരാതികളുമായി എത്തിയിരുന്നു. കടക്കെണി മൂലം മിക്ക കുടുംബങ്ങളും നാടു വിട്ടു പോകുകയും വാടക വീടുകളിലുമാണ് കഴിയുന്നത്.പലിശക്കാര്‍ കബളിപ്പിച്ച് വീടും സ്ഥലവും നഷ്ടമായവരും കുറവല്ല. മത്സ്യ പച്ചക്കറി ഉൾപ്പെടെ മാർക്കറ്റുകളിലെ ചെറുകിട വ്യാപാരികളും അന്യദേശത്ത് മക്കളെ വിട്ട് ഉന്നതവിദ്യാഭ്യാസം നല്കുന്ന രക്ഷിതാക്കളുമാണ് ബ്ലേഡ് മാഫിയകളുടെ പിടിയില്‍ അകപ്പെടുന്നതില്‍ അധികവും.
വെളുപ്പിനെ സജീവമാകുന്ന പലിശക്കാർ മത്സ്യ വ്യാപാരികൾക്കും മറ്റും പണം നല്‍കും. വൻകിട മുതലാളിമാർ ബിനാമിയെ വച്ചാണ് പലിശയ്ക്ക് പണം നല്‍കുന്നത്. ചിലർ മറ്റുള്ളവരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് മൂവായിരം നാലായിരം പലിശ നല്കി വാങ്ങിയ ശേഷം പതിനായിരവും അതിലധികവും വാങ്ങി മറിച്ച് നല്കുന്നു.
ചിട്ടിയുടേയും സ്വർണ്ണ പണയത്തിന്റെയും പേരിൽ ലൈസെൻസെടുത്ത് ഫൈനാൻസുകൾ തുറന്നശേഷം പലിശയ്ക്ക് പണം നല്‍കുന്നതായും ആക്ഷേപമുണ്ട്. ഗ്രാമങ്ങളും കോളനികളും കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽ നിന്നുംപലിശക്കാരും മലയോരമേഖലയിലേക്ക് എത്തുന്നുണ്ട്.അത്യാവശ്യ ഘട്ടങ്ങളിൽ പലിശക്കാരെ തേടുന്നവർ അമിത പലിശ നല്‍കുന്നതിലൂടെ കുടുംബം തകർച്ചയിലേക്കാണ് നീങ്ങുന്നത്.
കുബേര വഴി ഇത്തരക്കാരെ നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങളൊക്കെ നിലച്ചിട്ട് നാളുകള്‍ ഏറെയാകുന്നു.കോടതി നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍ പറത്തിയാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍.ഓപ്പറേഷന് കുബേരയെ തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായിരുന്നു.എന്നാല്‍ ഇത്തരം അന്വേഷണങ്ങള്‍ നിലച്ചതോടെ ഇത്തരക്കാര്‍ വീണ്ടും സജീവമായിരിക്കുകയാണ്.