പത്തനാപുരം : അനധികൃത അറവ്ശാലകളുടെ കേന്ദ്രമായ പത്തനാപുരത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കുന്നുകൂടുന്ന അറവ് മാലിന്യങ്ങളും ശുദ്ധജല ലഭ്യത കുറവും രോഗബാധിതര്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ജില്ലയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് പത്തനാപുരം. ഓരോ മാസവും നിരവധി കാന്‍സര്‍ രോഗികള്‍ ചികില്‍സ തേടുന്നത്.
കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മരണസംഖ്യയും വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പത്തനാപുരം നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി ആയിരത്തി അഞ്ഞൂറിലധികം പേരാണ് കാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ളത്. പത്തനാപുരം പഞ്ചായത്തിലെ കുണ്ടയം, ഇടത്തറ മേഖലകളിലാണ് രോഗബാധിതര്‍ കൂടുതലും. നിയോജക മണ്ഡലത്തിലെ പട്ടാഴി, വിളക്കുടി, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, തലവൂര്‍, വെട്ടിക്കവല, മേലില പഞ്ചായത്തുകളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്തതും ശുദ്ധജലവിതരണത്തിന്റെ അഭാവവും രോഗം വര്‍ധിക്കാന്‍ കാരണമാകുന്നു എന്നതാണ് സത്യാവസ്ഥ. അറവ് മാലിന്യങ്ങളടക്കം ജനവാസമേഖലകളില്‍ നിക്ഷേപിക്കുന്നതാണ് രോഗം വ്യാപിക്കാനുളള മറ്റൊരു പ്രധാന കാരണം. അംഗീകാരമില്ലാത്ത ഇരുപതിലധികം അനധികൃത ഇറച്ചി വിപണനകേന്ദ്രങ്ങളാണ് പത്തനാപുരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലാണ് അധികവും നിക്ഷേപിക്കുന്നത്. ഇത് മണ്ണില്‍ കലര്‍ന്ന് സമീപത്തെ വീടുകളിലെ കിണറുകളിലെത്തും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രദേശങ്ങളിലെ വീടുകളിലെ ജലത്തില്‍ കൊഴുപ്പിന്റെ അംശം കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കുടിവെള്ള പദ്ധതികളോ, പഞ്ചായത്ത് കിണറുകളോ ഇല്ലാത്ത ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് മാലിന്യമയമായ ജലം ഉപയോഗിക്കാനെ കഴിയാറുള്ളൂ. പത്തനാപുരം പഞ്ചായത്തിലെ അനധികൃത അറവ്ശാലകള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നു.
എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൃത്യമായ മാലിന്യസംസ്ക്കരണ സംവിധാനങ്ങള്‍ ഒരുക്കി അറവ്ശാലകള്‍ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ രോഗപ്രതിരോധം സാധ്യമാകൂവെന്നാണ് ആരോഗ്യ വകുപ്പും പറയുന്നത്.