പത്തനാപുരം : പുതിയ താലൂക്ക് ആശുപത്രി കെട്ടിടം സംബന്ധിച്ച് നിലപാടിലുറച്ച് സി പി എം. എന്നാൽ ഗണേഷ് കു മാർ എം എല്‍ എ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് തന്നെ താലൂക്ക് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനം എടുക്കുമെന്ന് സി പി ഐ മണ്ഡലം കമ്മിറ്റി അറിയിച്ചു.ഇതോടെ എല്‍ ഡി എഫിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.
നിലവിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അവിടെ തന്നെ നിലനിര്‍ത്തി കൊണ്ട് താലൂക്ക് ആശുപത്രിയുടെ കെട്ടിടം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാമെന്നാണ് പാര്‍ട്ടി നിലപാട്.പുതിയ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ കോമ്പൗണ്ടില്‍ നിര്‍മ്മിക്കാനാണ് ധാരണയായത്.ആശുപത്രി പത്തനാപുരം നഗരത്തില്‍ നിന്നും മാറ്റുന്നതിനെതിരെ ആദ്യം മുതല്‍ രംഗത്ത് ഉണ്ടായിരുന്നത് സി പി ഐ ആയിരുന്നു.
അന്ന് കേരള കോണ്‍ഗ്രസ് ബി മാത്രമായിരുന്നു എം എല്‍ എയ്ക്കൊപ്പം നിന്നത്.സി പി ഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സി പി എമ്മും ആശുപത്രി മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.ഇതെ തുടര്‍ന്ന് ജനതാ ജംഗ്ഷന് സമീപം പുതിയ സ്ഥലം പാര്‍ട്ടി കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ അത് പ്രയോഗികമല്ലെന്ന നിലപാടിലായിരുന്നു എം എല്‍ എ.തീരുമാനങ്ങളെല്ലാം അട്ടിമറിച്ച് കൊണ്ട് സി പി ഐ എം എല്‍ എയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് സി പി എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ് .ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
മൂന്ന് ഏക്കര്‍ സ്ഥലമാണ് ബ്ലോക്ക് പഞ്ചായത്തിന് ഉള്ളത്.ഇതില്‍ ഒന്നര ഏക്കര്‍ സ്ഥലത്താണ് ആശുപത്രി നിര്‍മ്മിക്കാന്‍ ധാരണ ആയത്. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവും ഇവിടെ തന്നെ പ്രവര്‍ത്തിക്കും.