പത്തനാപുരം: വീടിന്റെ കതക് തകർത്ത് പട്ടാപ്പകൽ നടന്ന കവർച്ചയിൽ നാല് ദിവസമായിട്ടും മോഷ്ടാവിനെ പറ്റി യാതൊരു വിവരവും പോലീസിന് ലഭിച്ചട്ടില്ല. ശാസ്ത്രീയ പരിശോധനാ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക.
കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം,കോട്ടയം ,എറണാകുളം തുടങ്ങിയ ജില്ലകളിൽ മോഷണം നടത്തി ജയിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയവരെ പറ്റിയുളള വിവര ശേഖരണത്തിലാണ് പോലീസ് .ഇതിനോടൊപ്പം തന്നെ അന്യസംസ്ഥാന തൊഴിലാളികളെ പറ്റിയും അന്വേഷണവും നടന്നു വരികയാണ്.
മോഷണം നടന്ന വീടിന് സമീപത്തുളള ഇരുപതോളം വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. കവർച്ച നടന്ന വീട്ടിൽ സിസിടിവി ഇല്ലാതിരുന്നത് മോഷ്ടാവിന് കാര്യങ്ങൾ എളുപ്പമായി.മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ പത്തനാപുരം ലൗലാന്റില്‍ നവാസിന്റെ വീട്ടില്‍ കഴിഞ്ഞ വദിവസമായിരുന്നു മോഷണം നടന്നത്.
മുൻ വശത്തെ വാതിൽ തകർത്ത് മുറികളിൽ സൂക്ഷിച്ചിരുന്ന തൊണ്ണൂറ് പവൻ സ്വർണ്ണവും ഇരുപത്തി രണ്ടായിരം രൂപയുമാണ് കവര്‍ന്നത്. ശാസ്ത്രീയ പരിശോധനാ സംഘവും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും കഴിഞ്ഞ ദിവസം വീട്ടിൽ പരിശോധന നടത്തിയിരുന്നു.