പത്തനാപുരം: വീടിന്റെ പിറക് വശത്തെ കതക് കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വീട്ടമ്മയുടെ സ്വർണമാലയും കമ്മലും ഉൾപ്പെടെ മൂന്നര പവൻ കവർന്നു. കിഴക്കുംഭാഗം കൂടൽ മുക്കിൽ പാടുകുഴി വടക്കേതിൽ വിജയമ്മ(65)യുടെ ആഭരണങ്ങളാണ് കവർന്നത്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ വീട്ടിനുള്ളിൽ കടന്ന മോഷ്ടാക്കൾ മുകളിലത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ രതീഷിനെയും സഹോദര പുത്രൻ വൈശാഖിനെയും പുറത്തു നിന്നു പൂട്ടിയ ശേഷമാണ് കവർച്ച നടത്തിയത്. വിജയമ്മയുടെ കാതറുത്തു കമ്മൽ എടുക്കുകയായിരുന്നു.
അലമാരിയിൽ ഉള്ള സാധനങ്ങൾ വാരിവലിച്ച നിലയിലാണ്.മോഷ്ടാക്കൾ രണ്ട് പേർ ഉണ്ടായിരുന്നു. മാരകായുധങ്ങളുമായി എത്തിയ മോഷ്ടാക്കൾ മിണ്ടരുതെന്നു ഭീഷണിപ്പെടുത്തിയായും കട്ടിലിൽ നിന്നു വലിച്ചു താഴെയിട്ടതായും വിജയമ്മ പറഞ്ഞു.
വിജയമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപെട്ടു.
വിജയമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിജയമ്മയുടെ മകൻ രതീഷ് ഡിവൈഎഫ്ഐ പത്തനാപുരം ഏരിയാ സെക്രട്ടറിയാണ്. പ്രദേശത്ത് അടുത്തിടെ നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിട്ടുണ്ട്. പത്തനാപുരം പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.