പത്തനാപുരം: മരപ്പട്ടിയുടെയും, വിഷപാമ്പുകളുടെയും വളർത്തൽകേന്ദ്രമായി പത്തനാപുരം പോലീസ് സ്റ്റേഷൻ കോട്ടേഴ്സുകൾ. അധികൃതരുടെ അനാസ്ഥയിൽ മഴയും വെയിലുമേറ്റ് മേൽകൂരകളും ഭിത്തികളും തകർന്ന് ചോർന്ന് ഒലിച്ചും കാട് മൂടിയും കെട്ടിടങ്ങൾ വാസയോഗ്യമല്ലാതായിരിക്കയാണ്.പത്തനാപുരം പോലീസ് സ്റ്റേഷനിൽ അൻപതിലധികം ജീവനക്കാരാണുള്ളത്.
ഇവരിൽ വനിതാ ജീവനക്കാരടക്കം മിക്കവരും ദൂരെ സ്ഥലങ്ങളിൽ നിന്നാണ് ജോലിക്കെത്തുന്നത്.സർക്കിളിനും,എസ്.ഐയ്ക്കും താമസത്തിനായി പുതിയ രണ്ട് കെട്ടിടങ്ങൾ മാത്രമാണ് ഉള്ളത്. രാത്രി കാലങ്ങളിൽ ജോലിയെടുക്കുന്ന വനിതാ പോലീസുകാരടക്കം സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ കുടുസുമുറിയാണ് ഉപയോഗിക്കുന്നത്.
യൂണിഫോം മാറുന്നതിനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനോ വേണ്ടുന്ന സൗകര്യമില്ലെന്നതാണ് വാസ്തവം.പഴയ കോട്ടേഴ്സുകളിൽ ചിലത് കഴിഞ്ഞ രണ്ട് വർഷം മുൻപ് വരെ ചില ജീവനക്കാർ ഉപയോഗിച്ചിരുന്നു.എന്നാൽ കൂടുതൽ തകർച്ചയായതോടെ ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ല. കോട്ടേഴ്സുകളിൽ ചിലതിൽ തൊണ്ടി സാധനങ്ങൾ സൂക്ഷിച്ചിരിക്കയാണ്.
കാട് മൂടിയതിനാൽ കോട്ടേഴ്സിലേക്ക് കടക്കാനാകാത്ത സ്ഥിതി വിശേഷമാണ്.ഉഗ്രവിഷമുള്ള പാമ്പുകളെയും മരപട്ടികളെയും ഇവിടെ കാണാം. മുൻപ് പ്ഞ്ചായത്തിൽ നിന്നും തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കാട് നീക്കം ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ അതും ഇല്ലാതായി.പോലീസ് സ്റ്റേഷനോട് ചേർന്നുള്ള കാട് മുടി നശിക്കുന്ന കോട്ടേഴ്സുകൾ നവീകരിക്കുകയോ പൊളിച്ച് നീക്കം ചെയ്ത് പുതിയ കെട്ടിടം പണിയുകയോ വേണമെന്ന ആവശ്യം ശക്തമാണ്.