പത്തനാപുരം:മേഖലയിൽ സിപിഎം ബിജെപി സംഘർഷങ്ങൾ തുടരുന്നു. പട്ടാഴിയിൽ ഒരു ഒരു ബിജെപി പ്രവർത്തകനും,സിപിഎം പ്രവർത്തകനും മർദനമേറ്റു.ബിജെപി പ്രവർത്തനായ പട്ടാഴി മെതുകുമ്മേൽ സ്വദേശി സന്ദീപിനും(26),സിപിഎം പ്രവർത്തകനായ കടുവാത്തോട് സ്വദേശി നജീബിനുമാണ് (36) മർദനമേറ്റത്.
ഇരുവരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ശബരിമലയിലെ ആചാര ലംഘനത്തിന് പിന്നാലെ ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് പിന്നാലെയാണ് പത്തനാപുരം ,പട്ടാഴി, കുന്നിക്കോട് മേഖലകളിൽ അക്രമങ്ങൾതുടരുന്നത്.
അക്രമവുമായി ബന്ധപ്പെട്ട് പത്തനാപുരം, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിയായി പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു.ഇതിൽ സിപിഎം ബിജെപി പാർട്ടികളിലെ നേതാക്കളടക്കം അഞ്ഞൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു.ബിജെപി,സിപിഎം പാർട്ടി ഓഫീസുകൾ തകർത്തതിനും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതിനുമാണ് കൂടുതൽ പേർക്കെതിരെ കേസെടുത്തിട്ടുളളത്.
കൂടാതെ പത്തനാപുരം ഡിപ്പോയിലെ കെ. എസ്. ആര്.ടി.സി ബസിന്റെ ചില്ലുകൾ തകർന്ന സംഭവത്തിൽ അവ്യക്തത ഇപ്പോഴും തുടരുകയാണ് . പ്രതിഷേധം ഇല്ലാതിരുന്ന സ്ഥലത്ത് വച്ച് ബസിന്റെ ഗ്ലാസ് എങ്ങനെ തകർന്നു എന്നതിനെ പറ്റി പോലീസും അന്വേഷിച്ചു വരികയാണ് . സംഭവത്തിൽ നിലവിൽ ആർക്കെതിരെയും കുന്നിക്കോട് പോലീസ് കേസെടുത്തിട്ടില്ല.
കൊട്ടാരക്കരയിൽ നിന്നും പത്തനാപുരത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. മുൻവശത്തെ ഗ്ലാസ് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു . സംഘർഷ സാധ്യത മുന്നിൽ കണ്ട് പട്ടാഴി , പത്തനാപുരം മേഖലകളിൽ വൻ പോലീസ് സന്നാഹം ഇപ്പോഴും ക്യാമ്പ് ചെയ്യുകയാണ് .