പത്തനാപുരം : അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം മകൾ കഴിഞ്ഞത് നാലുദിവസം. കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിലാണ് സംഭവം. പ്ലോട്ട് നമ്പർ 13 ബിയിലെ മറിയാമ്മ (86)യുടെ മൃതദേഹത്തിനൊപ്പം ഇവരുടെ മകൾ 52 വയസ്സുകാരിയായ മേരിക്കുട്ടിയാണ് നാലുദിവസം കഴിഞ്ഞത്.
കഴിഞ്ഞ 25നാണ് മറിയാമ്മ മരണപ്പെട്ടത്.മാനസികബുദ്ധിമുട്ടുകള്‍ ഉള്ള മേരിക്കുട്ടി ഒറ്റയ്ക്ക് സംസാരിക്കുന്ന പതിവുണ്ടായിരുന്നു.ഇതിനാല്‍ തന്നെ സമീപവാസികള്‍ അമ്മയോടാണ് മകള്‍ സംസാരിക്കുന്നതെന്ന് കരുതി.25ന് രാവിലെ വീടിനു സമീപത്ത് വീണതിനെ തുടർന്ന് മറിയാമ്മയെ അയൽവാസികളും ബന്ധുക്കളും ചേർന്ന് വീട്ടിലേക്ക് മാറ്റി.
അതിനുശേഷം 28ന് ഉച്ചയോടെ അസുഖവിവരം അറിയാനായി അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് മറിയാമ്മ മരിച്ചുകിടക്കുന്നത് കണ്ടത്.എന്നാൽ മാനസിക അസ്വസ്ഥതയുള്ള മകൾ മേരിക്കുട്ടി ഇതൊന്നുമറിയാതെ അമ്മയ്ക്കൊപ്പം നാലുദിവസമായി കഴിയുകയായിരുന്നു.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന മേരിക്കുട്ടിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടർന്നാണ് 18 വര്‍ഷമായി മനോനിലയില്‍ മാറ്റം ഉണ്ടായത്.മകളുടെ ശുശ്രൂഷയും ചികില്‍സയും മാതാവാണ് നോക്കിയിരുന്നത്.അയല്‍വാസികളും പഞ്ചായത്ത് അധികൃതരുമാണ് ഇവര്‍ക്ക് ആഹാരവും മറ്റും നല്‍കിയിരുന്നത്.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരാണ് മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പത്തനാപുരം പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി പുതുവല്‍ പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.മേരിക്കുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റി.