പത്തനാപുരം:മലയോര മേഖലയിലെ വളര്‍ന്നുവരുന്ന കായിക താരങ്ങളെ മുളയിലേ നുള്ളുകയാണ് അധികൃതര്‍.കായിക താരങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി കളിസ്ഥലങ്ങള്‍ ഇല്ലായെന്നത് തന്നെയാണ് .കളിസ്ഥലങ്ങള്‍ തിരക്കിയുളള ഇവരുടെ ഓട്ടത്തില്‍ ഇനിയും വിജയം കണ്ടെത്താനായിട്ടില്ല .
പത്തനാപുരം നിയോജക മണ്ഡലത്തില്‍ എട്ട് പഞ്ചായത്തുകള്‍ ഉണ്ടങ്കിലും ഒരു പഞ്ചായത്തിന് പോലും സ്വന്തമായി കളിസ്ഥലങ്ങള്‍ ഇല്ല .ഉളളതാകട്ടെ സ്വകാര്യ , മാനേജ്മെന്റെ സ്കൂളുകളുടെ ഗ്രൗണ്ടുകളും, അമ്പല മൈതാനങ്ങളും മാത്രം.നാല് പാടും മതിലുകളാല്‍ തീര്‍ത്ത ഇത്തരം കളിസ്ഥലങ്ങളില്‍ കായിക താരങ്ങള്‍ക്ക് മിക്കപ്പോഴും പ്രവേശനവും കിട്ടാറില്ല . പഞ്ചായത്തുകള്‍ നടത്തുന്ന
കേരളോത്സവ പരിപാടികളിലെ കായികമേള നടക്കണമെങ്കില്‍ പത്തനാപുരം മൗണ്ട്താബോര്‍ മാനേജ് മെന്റോ, തലവൂര്‍ തൃക്കൊന്നമര്‍കോട് ദേവസ്വമോ, മഞ്ഞക്കാല നോബിള്‍ മാനേജ്മെന്റോ കനിയണ്ട അവസ്ഥയാണ്. പരിശീലനത്തിന് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കായികമേഖലയില്‍ മലയോര നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഏറെ പിന്നിലാണ്.
പുതിയ ഒരു കായിക താരങ്ങളും ഇവിടെ ഉയര്ത്തെഴുനേല്ക്കുന്നില്ല .ഉളളവരാകട്ടെ പരിശീലനത്തിന്റെ അഭാവവും നല്ല പരിശീലകന്റെ അസാന്നിധ്യം കൊണ്ടും മത്സരങ്ങളില്‍ പങ്കെടുക്കുന്നുമില്ല.കളിസ്ഥലങ്ങള്‍ പോലെ തന്നെ മലയോര മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് നല്ല കായിക അധ്യാപകര്‍ ഇല്ല എന്നത്.
പേരിന് വേണ്ടി മാത്രം ഒരു അധ്യാപകന് എന്ന മട്ടാണ് മിക്ക സ്കൂളുകളിലേയും സ്ഥിതി. നിയോജക മണ്ഡലത്തിലെ പത്തനാപുരം ,പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, പട്ടാഴി, തലവൂര്‍, വിളക്കുടി, മേലില, വെട്ടിക്കവല തുടങ്ങിയ പഞ്ചായത്തുകളിലെ കായിക താരങ്ങളാണ് കളിസ്ഥലത്തിനായി കേഴുന്നത്.
ലക്ഷ്യമില്ലാതെയുളള ഇവരുടെ ഓട്ടത്തിന് അവസാനം കുറിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ ഇടപെടാത്തതും ദൗര്‍ഭാഗ്യകരമാണ്. മലയോര നാട്ടില്‍ ഒരു പൊതുകളിസ്ഥലം എന്ന കായികപ്രേമികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് . സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി സിന്തറ്റിക് ഗ്രൗണ്ടുകള്‍ നിര്‍മ്മിച്ച നല്കുന്ന സഥലം എംഎല്‍എ യും ,എം.പിയും സാധാരണക്കാരായ കായിക താരങ്ങളുടെ രോദനം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു.
മലയോര മേഖലയയിലെ കാടുപിടിച്ചു കിടക്കുന്ന ഏക്കറു കണക്കിന് സ്ഥലങ്ങള്‍ നല്ല കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി ഗ്രൗണ്ടുകളോ ,സ്റ്റേഡിയങ്ങളോ ആക്കി നിര്‍മ്മിച്ചു നല്‍കണമെന്നാണ് പൊതുവെയുളള ആവശ്യം.