പത്തനാപുരം: പത്തനാപുരത്ത് ഗൃഹനാഥനെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. രാജന്റെ ഭാര്യ കടയ്ക്കൽ കോട്ടപ്പുറം മഞ്ചു (32), കാമുകൻ കിളിമാനൂർ മേലേവിള പുത്തൻവീട്ടിൽ അജിത്ത് (23) എന്നിവരെ പത്തനാപുരത്തെ സംഭവം നടന്ന വാടക വീട്ടിൽ ഇന്നലെ ഉച്ചയോടെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
വെള്ളിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനാപുരം നെടുംപറമ്പ് പുത്തൂക്കുന്ന് ഏലായിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചൽ അഗസ്ത്യക്കോട്സ്വദേശി രാജനെ( 45)യാണ് കഴിഞ്ഞ ഇരുപത്തിനാലിന് ആണ് വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ മഞ്ചുവാണ് മരണവിവരം ആദ്യം നാട്ടുകാരെ അറിയിച്ചത്. എന്നാൽ അജിത്താണ് പോലിസിൽ വിവരം അറിയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകി മരണമാണെന്ന നിഗമനത്തിലായിരുന്നു ആദ്യം. പോലീസിന്റെ ചോദ്യം ചെയ്യലിൽ മഞ്ചുവും കാമുകനുമായ കിളിമാനൂർ സ്വദേശി ജിത്തുവെന്ന് വിളിക്കുന്ന അജിത്തും (23) കുറ്റം സമ്മതിക്കുകയായിരുന്നു.
രാജന്റെ മക്കളുടെ മൊഴിയും നിർണായകമായി. മരണത്തിൽ പോലീസിനും നാട്ടുകാർക്കും ദുരൂഹത ഉണ്ടായിരുന്നു. മദ്യത്തിൽ ലോഷൻ ( ഹാർപ്പിക്ക് ) ഒഴിച്ച് നൽകി അബോധാവസ്ഥയിലായ രാജനെ കാമുകൻ അജിത്തിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു.
മഞ്ചുവിന്റെ സഹോദരി 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം ജയിലിലായിരുന്നു അജിത്ത്. ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം പെൺകുട്ടിയുമായി വിവാഹം നടത്താമെന്ന് അജിത്തിന് മഞ്ചുവും ബന്ധുക്കളും ഉറപ്പു കൊടുത്തിരുന്നു. രാജന്റെ വീട്ടിൽ സ്ഥിരമായി വരാറുള്ള അജിത്ത് അടുത്തബന്ധുവാണ് എന്നാണ് മഞ്ചു നാട്ടുകാരോട് പറഞ്ഞിരുന്നത്.മഞ്ചുവിന് മാതാപിതാക്കളില്ല. പീഡനത്തിനിരയായ സഹോദരി മഹിളാ മന്ദിരത്തിൽ നിന്നാണ് പഠിക്കുന്നത്.
വല്ലപ്പോഴും മാത്രം വീട്ടിൽ വരുമായിരുന്ന രാജൻ ഭാര്യയുമായി നിരന്തരം കലഹമുണ്ടാകുമായിരുന്നുവെന്ന് പരിസരവാസികളും പോലീസിനോട് പറഞ്ഞിരുന്നു. കൂടാതെ രാജന്റെ കാൽ തറയിൽ മുട്ടിനിന്നിരുന്നതും, തലേന്ന് രാത്രി ഏറെ വൈകിയും രാജനും ഭാര്യയും തമ്മിൽ കലഹിച്ചിരുന്നതായുമുള്ള പരിസരവാസികളുടെ മൊഴിയും പോലീസിന്റെ സംശയത്തിന് കാരണമായി.
പത്തനാപുരം സിഐ എം. അൻവർ, എസ്ഐ പുഷ്പ കുമാർ, സിവിൽ പോലിസ് ഓഫീസർമാരായ ഭാസി, ജലാൽ, ബഷീർ, രാജൻ, അനീഷ്, ലിജു, സന്തോഷ്കുമാർ, വിജി തുടങ്ങിയവർ തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.
മഞ്ചുവിന് കടയ്ക്കൽ സ്വദേശിയായ മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി ഒത്ത് താമസിക്കാനാണ് അജിത്തിനെ കൂട്ടി കൊല നടത്തിയതെന്നുമായ മറ്റൊരു സംശയവും പറയുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജൻ മഞ്ചു ദമ്പതികൾക്ക് പന്ത്രണ്ടും ഒൻപതും ഏഴും വയസുള്ള മൂന്ന്കുട്ടികളുണ്ട്. കുട്ടികൾ രാജന്റെ സഹോദരിയ്ക്കൊപ്പമാണ് താമസം.