പത്തനംതിട്ട: സൂപ്രണ്ടും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതായതോടെ ജനറൽ ആശുപത്രി പ്രവർത്തനം അവതാളത്തിൽ. നഴ്സുമാരുടെയും ലാബ് ടെക്നീഷൻമാരുടെയും കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.
ലാബ് പരിശോധന ഫലം വൈകുന്നതിനാൽ രോഗികളും നഴ്സുമാരും തമ്മിൽ തർക്കമുണ്ടാകുന്നതും പതിവായി. ആഴ്ചയിലെ അവധി പോലും ഉപേക്ഷിച്ചാണ് ലാബ് ടെക്നിഷൻമാർ ജോലി ചെയ്യുന്നത്. കല്ല്യാണത്തലേന്നും ഒരു ലാബ് ടെക്ന്യനിഷന് ജോലി ചെയ്യേണ്ടി വന്നു. അമിത ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നഴ്സുമാരും ലാബ് ടെക്നീഷൻമാരും പ്രതിഷേധിച്ചെങ്കിലും അധികൃതർ നിസഹായത അറിയിച്ചു.
ആശുപത്രിയുടെ നാഥനായ സൂപ്രണ്ട് ഇല്ലാതായിട്ട് മൂന്നു മാസമായി. മുൻ സൂപ്രണ്ട് ഡോ. ശ്രീലത ആരോഗ്യ വകുപ്പിലെ വിജിലൻസ് വിഭാഗം അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറിപ്പോയത് നവംബർ ഏഴിനാണ്. പകരം സൂപ്രണ്ടിനെ ഇതുവരെ നിയമിച്ചിട്ടില്ല. ഡെപ്യൂട്ടി സൂപ്രണ്ടും ആർഎംഒയും ചേർന്നാണ് ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
ലാബ് ടെക്നീഷൻമാരെയും നഴ്സുമാരെയും താത്കാലികമായി നിയമിക്കാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റിക്ക് അധികാരമുണ്ട്. കഴിഞ്ഞയാഴ്ച ലാബ് ടെക്നീഷൻമാരുടെ റാങ്ക് ലിസ്റ്റ് തയാറാക്കിയത് സുതാര്യമായിട്ടല്ലെന്ന് മാനേജിംഗ് കമ്മിറ്റി യോഗങ്ങളിൽ ആക്ഷേപമുയർന്നതോടെ താത്കാലിക നിയമനങ്ങൾ നടക്കാതെയായി.
ശസ്ത്രക്രിയകളെ ബാധിക്കുന്നു
ജനറൽ ആശുപത്രിക്ക് സ്റ്റാഫ് നഴ്സുമാരുടെ 77 തസ്തികയാണ് അനുവദിച്ചിട്ടുളളത്. 17 നഴ്സുമാരുടെ കുറവാണ് ഇപ്പോഴുളളത്. നിലവിലുളള 60 പേർ മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യുന്നത്. പുതിയ സ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിച്ചതോടെ 40 നഴ്സുമാരെകൂടി ആവശ്യമുണ്ട്.
നഴ്സുമാരുടെ കുറവ് ശസ്ത്രക്രിയകൾ, കാർഡിയോളജി, ഡയാലിസിസിന്റെ മൂന്നാം ഷിഫ്റ്റ് തുടങ്ങിയ പ്രധാനപ്പെട്ട വിഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. അപകടത്തിലും മറ്റും ഗുരുതരമായി പരിക്കേൽക്കുന്നവരെ ശസ്ത്രക്രിയക്ക് കോട്ടയം മെഡിക്കൽ കോളജിലേക്ക് അയയ്ക്കേണ്ട അവസ്ഥയാണ്.
പരിശോധനാ ഫലം വൈകുന്നു
ആവശ്യത്തിനു ലാബ് ടെക്നീഷൻമാരില്ലാത്തതിനാൽ ചികിത്സയ്ക്കെത്തുന്നവർ ലാബ് ഫലം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കണം. ഫലവുമായി ഡോക്ടറെ കാണാൻ ചെല്ലുമ്പോഴേക്കും ചികിത്സാ സമയം കഴിഞ്ഞിരിക്കും. ലാബ് ഫലം ഡോക്ടറെ കാണിക്കാൻ രോഗികൾ അടുത്ത ദിവസം വീണ്ടും ആശുപത്രിയിലെത്തണം. 13 ലാബ് ടെക്നീഷൻമാരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഇപ്പോൾ ഒന്പത് പേരായി ചുരുങ്ങി. ഇവർ മൂന്നു ഷിഫ്റ്റിലായി ജോലി ചെയ്യുകയാണ്.