നോയിഡ: പതഞ്ജലി ആയുർവേദിക് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സഹാറൻപുർ ചിൽക്കാന സ്വദേശിയായ മുഹമ്മദ് സിഷാനെയാണ് (30) സെക്ടർ 10 ലെ കാർ ഷോറൂമിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് ജോഷി നല്കിയ പരാതിയെത്തുടർന്നാണ് നടപടി.
ബാലകൃഷ്ണയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ അജ്ഞാതൻ ഫോളോവേഴ്സുമായി അശ്ലീലച്ചുവയോടെ ചാറ്റ് ചെയ്തതായും ജോഷി നൽകിയ പരാതിയിൽ പറയുന്നു.
കേസ് രജിസ്റ്റർ ചെയ്ത അന്നു മുതൽ സൈബർസെൽ സിഷാനെ നിരീക്ഷിച്ചുവരുകയായിരുന്നെന്നും രാവിലെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു. ഐപിസി 419, 420, 500 വകുപ്പുകളും ഐടി നിയമം 66ഡിയും ചുമത്തിയിട്ടുണ്ട്. പ്രതിയുടെ കൈയിൽനിന്നു സ്മാർട്ട് ഫോണും രണ്ടു സിംകാർഡും പിടിച്ചെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.