കടുത്തുരുത്തി: പെരുവയിലെ കടയിൽ നിന്നു വാങ്ങിയ സ്വകാര്യ കമ്പനിയുടെ ആട്ടയിൽ നിന്നും എലി കാഷ്ഠം ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം പെരുവയിലെ ഓട്ടോറിക്ഷ ഡ്രൈവറായ വടുകുന്നപ്പുഴ പുത്തൻവീട്ടുമാരിയിൽ കമലൻ വാങ്ങിയ രണ്ട് കിലോ ആട്ടയിലാണ് എലിക്കാഷ്ടം കണ്ടത്. പെരുവയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ അംഗീകൃത സ്റ്റോറിൽ നിന്നു വാങ്ങിയ ആട്ടയിലാണ് എലിക്കാഷ്ടം കണ്ടതെന്ന് കമലൻ പറഞ്ഞു. ചപ്പാത്തിയുണ്ടാക്കാൻ പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലിട്ടപ്പോൾ കമലന്റെ ഭാര്യയാണ് എലിക്കാഷ്ഠം കണ്ടെത്തിയത്. തുടർന്ന് കടയുടമയെ വിവരം അറിയിച്ചെങ്കിലും അവർ കൈ മലർത്തുകയായിരുന്നു.
മൂവാറ്റുപുഴയിലെ ഏജൻസിയിൽ നിന്നുമാണ് പെരുവയിലെ സ്റ്റോറിൽ ഉൽപന്നങ്ങൾ എത്തുന്നത്. ആട്ടയിൽ എലിക്കാഷ്ഠം കണ്ടെത്തിയ വിവരം പെരുവയിലെ ഹെൽത്ത് ഇൻസ്പെകടറെ അറിയിച്ചപ്പോൾ തങ്ങളല്ല നടപടിയെടുക്കേണ്ടതെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും ആരോപണമുണ്ട്. എലിപപ്പനിപോലുള്ള മാരകമായ രോഗങ്ങൾ പടർന്നു പിടിക്കുന്പോൾ ആരോഗ്യ വകുപ്പ് അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
തുടർന്ന് കോട്ടയം ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗത്തിൽ വിവരമറിയിച്ചപ്പോൾ അവർ ആട്ടയുമായി കോട്ടയത്തോ, പാലായിലെയോ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകാൻ അറിയിക്കുകയായിരുന്നുവെന്ന് കമലൻ പറഞ്ഞു. കാശ് മുടക്കി ആട്ട വാങ്ങിയ തനിക്ക് കോട്ടയത്തോ, പാലായിലോ നേരിട്ടെത്തി പരാതി നൽകുകയെന്നത് ഏറേ ബുദ്ധിമുട്ടാണെന്ന് ഇദ്ദേഹം പറഞ്ഞു.
നടപടിയെടുക്കേണ്ടേ അധികൃതർ വൻകിട കമ്പനികളുടെ നേരെ കണ്ണടയ്ക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കും ഫുഡ് സേഫ്റ്റി കമ്മീഷണർക്കും പരാതി നൽകുമെന്നും കമലൻ പറഞ്ഞു.