ഭേദമാക്കാൻ സാധിക്കാത്ത അസുഖങ്ങൾ പതഞ്ജലി മരുന്നു കഴിച്ച് ഭേദമായി എന്നു പറയുന്ന വ്യക്തികളുടെ കാര്യം എന്തായി? -പതഞ്ജലി കേസ് പരിഗണിക്കവേ ജസ്റ്റീസ് ഹിമ കോഹ്ലി, ജസ്റ്റീസ് എ. അമാനുള്ള എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. യോഗാഗുരു ബാബാ രാംദേവും ശിഷ്യൻ ബാലകൃഷ്ണയും നടത്തുന്ന ഹരിദ്വാർ ആസ്ഥാനമായ പതഞ്ജലി ആയുർവേദ കന്പനിക്കെതിരേ നടപടി വരാൻ കാരണം കൊറോണിൽ എന്ന കോവിഡ് മരുന്നും ഒരു അജ്ഞാത കത്തുമാണ്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ രാംദേവിന്റെയും ബാലകൃഷ്ണയുടെയും മാപ്പപേക്ഷ രണ്ടാം തവണയും സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. നടപടി നേരിടാൻ തയാറായിക്കോളൂ എന്നാണു കോടതി നിർദേശം. പതഞ്ജലിയുടെ അവകാശ വാദങ്ങൾക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് (ഐഎംഎ) സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തത്.
കൊറോണിൽ
കോവിഡിന്റെ ഡെൽറ്റ തരംഗം ആഞ്ഞടിക്കുന്നതിനു മുന്പ് 2021 ഫെബ്രുവരിയിൽ പതഞ്ജലി ‘കൊറോണിൽ’ എന്ന ഉത്പന്നം വിപണിയിൽ ഇറക്കി. കോവിഡിനെതിരേയുള്ള തെളിവടിസ്ഥാന മരുന്ന് എന്ന വാദത്തിലാണ് കൊറോണിൽ പുറത്തിറക്കിയത്. ഹോമിയോ ഡോക്ടർകൂടിയായിരുന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫാർമസ്യൂട്ടിക്കൽ ഉത്പന്നത്തിന്റെ സർട്ടിഫിക്കറ്റും ഡബ്ല്യുഎച്ച്ഒയുടെ മികച്ച നിർമാണത്തിനുള്ള സർട്ടിഫിക്കറ്റും കൊറോണിലിനുണ്ടെന്ന് ചടങ്ങിൽ പറഞ്ഞിരുന്നു.
അലോപ്പതി മരുന്ന് ലക്ഷ്യക്കണക്കിനു പേരുടെ മരണത്തിനിടയാക്കിയെന്നു പറയുന്ന ബാബാ രാംദേവിന്റെ മറ്റൊരു വീഡിയോയും മാസങ്ങൾക്കുശേഷം വൈറലായി. ഇതിനെതിരേ ഐഎംഎ വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ, ആധുനിക ശാസ്ത്രത്തിനെതിരേ അദ്ദേഹത്തിന് ദുരുദ്ദേശ്യമില്ലെന്നും ഒരു വാട്ട്സ്ആപ് മെസേജ് വായിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും പറഞ്ഞ് പതഞ്ജലി യോഗപീഠം തടിതപ്പി.
പ്രതിരോധമരുന്ന് എന്നപേരിൽ 2020 ഡിസംബറിൽ ഉത്തരാഖണ്ഡ് ഡ്രഗ്സ് കണ്ട്രോളറിൽനിന്ന് ലൈസൻസ് നേടിയശേഷം, കോവിഡ് മരുന്ന് എന്ന പേരിലാണു ‘കൊറോണിൽ’ വിപണിയിലെത്തിച്ചത്. കൊറോണിൽ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയതാണെന്നു വ്യക്തമാക്കി ആയുഷ് മന്ത്രാലയത്തിന് കത്ത് നൽകിയെന്നും പ്രചാരണം നടത്തി. എന്നാൽ, ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു മന്ത്രാലയവും പ്രതികരിച്ചു. ഇതേത്തുടർന്ന് 2022 ഓഗസ്റ്റിൽ ഐഎംഎ കോടതിയെ സമീപിച്ചു.
അജ്ഞാത കത്ത്
പതഞ്ജലി തെറ്റായ പരസ്യങ്ങൾ നൽകുന്നുവെന്നു ചൂണ്ടിക്കാട്ടി ജനുവരി 15ന് ജസ്റ്റീസുമാരായ ഹിമ കോഹ്ലിയും അമാനുള്ളയും രേഖപ്പെടുത്തിയ പകർപ്പുകൾ സഹിതം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന് അജ്ഞാത കത്ത് ലഭിച്ചു.
കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി മറുപടി നൽകിയിട്ടില്ലെന്നും ഐഎംഎ സുപ്രീംകോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് മാർച്ച് 21 പതഞ്ജലി മാനേജിംഗ് ഡയറക്ടർ ബാലകൃഷ്ണ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ, ഇതു സ്വീകരിക്കാതിരുന്ന കോടതി ഏപ്രിൽ രണ്ടിന് ബാബാ രാംദേവിനോടും ബാലകൃഷ്ണയോടും നേരിട്ടു ഹാജരാകാൻ നിർദേശിച്ചു. കോടതിയിൽ ഇരുവരും നേരിട്ടു ഹാജരായി സമർപ്പിച്ച മാപ്പപേക്ഷയും സത്യവാങ്മൂലവും കോടതി തള്ളി. ഏപ്രിൽ പത്തിന് ഹാജരാകാൻ നിർദേശിച്ചു. ഇത്തവണയും മാപ്പപേക്ഷ തള്ളിയ സുപ്രീംകോടതി ശിക്ഷ നേരിടാൻ തയാറായിക്കൊള്ളൂവെന്ന് താക്കീതും നൽകി.
പതഞ്ജലിക്കും അനുബന്ധ സ്ഥാപനമായ ദിവ്യ ഫാർമസിക്കുമെതിരേ നിയമനടപടി സ്വീകരിക്കുന്നതിൽ ലൈസൻസിംഗ് അധികൃതർ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാരിനെയും സുപ്രീംകോടതി ബെഞ്ച് താക്കീത് ചെയ്തു.
സ്വന്തം ലേഖകൻ